“ഞാനാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം” – ആവർത്തിച്ചു പറഞ്ഞ് ക്രിസ്ത്യാനോ റൊണാൾഡോ | Cristiano Ronaldo

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്ത്യാനോ റൊണാൾഡോ. യൂറോപ്പിലെ നിരവധി ലീഗുകളിൽ കഴിവു തെളിയിച്ചിട്ടുള്ള താരം അവിടെയെല്ലാം നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. നിരവധി റെക്കോർഡുകളാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയിരിക്കുന്നത്.

എന്നാൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് റൊണാൾഡോ ഉയർന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ അതു സമ്മതിച്ചു തരാൻ പലർക്കുമാവില്ല. ബാക്കിയെല്ലാ നേട്ടവും സ്വന്തം പേരിലുണ്ടെങ്കിലും പോർച്ചുഗൽ ടീമിനൊപ്പം ഇതുവരെ ഒരു ലോകകപ്പ് നേടാൻ കഴിഞ്ഞില്ലെന്നതാണ് അതിനുള്ള പ്രധാന കാരണം.

എന്നാൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണു റൊണാൾഡോയെന്ന് ഉറപ്പുള്ള ഒരാളുണ്ട്. റൊണാൾഡോ തന്നെയാണത്. കഴിഞ്ഞ ദിവസം സൗദിയിലെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്ന സമയത്താണ് താനാണ് ചരിത്രത്തിലെ മികച്ച താരമെന്ന് സംശയങ്ങളില്ലാതെ റൊണാൾഡോ പറഞ്ഞത്.

ലോകകപ്പിൽ പോർച്ചുഗലിനൊപ്പം മോശം പ്രകടനം നടത്തിയതിനു ശേഷം യൂറോപ്പ് വിട്ട റൊണാൾഡോ നിലവിൽ സൗദി ക്ലബായ അൽ നസ്റിലാണു കളിക്കുന്നത്. സൗദിയിൽ മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ പോർച്ചഗൽ ടീമിനു വേണ്ടി രണ്ടു മത്സരങ്ങളിൽ നാലു ഗോൾ നേടിയിരുന്നു.

ചരിത്രത്തിലെ മികച്ച താരം താനാണെന്ന് റൊണാൾഡോ പറയുന്നുണ്ടെങ്കിലും മെസി ആരാധകർ അതു സമ്മതിക്കില്ല. ലോകകപ്പ് ഉൾപ്പെട്ടെ സാധ്യമായ എല്ലാ നേട്ടങ്ങളും മെസി സ്വന്തമാക്കി കഴിഞ്ഞു. റൊണാൾഡോയുടെ പല റെക്കോർഡുകളും മെസിക്കു മുന്നിൽ വഴി മാറാനുള്ള സാധ്യതയുമുണ്ട്.

Content Highlights: Ronaldo Says He Is The Best Player In Football History