മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കോ, ലിവർപൂളിനെതിരായ വിജയത്തിനു ശേഷം മെസിയെ പരാമർശിച്ച് പെപ്പ് | Lionel Messi

ലയണൽ മെസിയും പെപ് ഗ്വാർഡിയോളയും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. മെസിയെ ഇന്നു കാണുന്ന തലത്തിലുള്ള ഫുട്ബോൾ താരമാക്കി മാറ്റിയതിൽ പെപ്പിനുള്ള പങ്ക് ചെറുതല്ല. ഇരുവരും ഒരുമിച്ചു പ്രവർത്തിച്ച ബാഴ്സലോണ ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു.

ലയണൽ മെസിയെ പ്രശംസിക്കാനും പരാമർശിക്കാനും ഗ്വാർഡിയോള ഒട്ടും മടി കാണിക്കാറില്ല. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിനെതിരെ ഗംഭീരവിജയം സ്വന്തമാക്കിയതിനു ശേഷവും മെസിയെ പെപ് പരാമർശിച്ചിരുന്നു. മത്സരത്തിൽ അർജന്റീന താരം അൽവാരസ് നടത്തിയ മികച്ച പ്രകടനത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു അത്.

“ലോകകപ്പ് നേടിയ അർജന്റീന ടീമിനു വേണ്ടി, ലയണൽ മെസിക്കൊപ്പമാണ് അൽവാരസ് കളിക്കുന്നത്. ആദ്യത്തെ ഗോൾ മാത്രമല്ല, രണ്ടാമത്തെയും മൂന്നാമത്തെയും ഗോളിലുള്ള പങ്കാളിത്തവും മികച്ചതായിരുന്നു. എല്ലായിടത്തും താരം ഉണ്ടായിരുന്നു, പന്തുമായി ബുദ്ധിപരമായി നീങ്ങുകയും ചെയ്തു.” പെപ് പറഞ്ഞു.

ഇന്നലെ എർലിംഗ് ഹാലൻഡ് കളിക്കാതിരുന്ന മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ അൽവാരസ്‌ ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾക്കു പിന്നിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്.

അതേസമയം പെപ് ഗ്വാർഡിയോളയുടെ മെസി പരാമർശം താരത്തെ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിക്കാനുള്ള പദ്ധതിയാണോ എന്നു പലരും ചോദിക്കുന്നുണ്ട്. ഈ സീസണോടെ പിഎസ്ജി കരാർ അവസാനിച്ചു ഫ്രീ ഏജന്റാകുന്ന ലയണൽ മെസിയെ യൂറോപ്പിലെ നിരവധി ക്ലബുകൾ നോട്ടമിട്ടിട്ടുണ്ട്.

Content Highlights: Pep Guardiola Mentioned Lionel Messi To Praise Julian Alvarez