അർജന്റീന ആരാധകർ ഒരിക്കലും മറക്കാത്ത രക്ഷപ്പെടുത്തലിനെ ഓർമിപ്പിച്ച രണ്ടു സേവുകളുമായി എമിലിയാനോ മാർട്ടിനസ് | Emiliano Martinez

ഖത്തർ ലോകകപ്പ് ഫൈനൽ കണ്ട അർജന്റീന ആരാധകരിൽ ഓരോരുത്തരും എമിലിയാനോ മാർട്ടിനസിനോട് ഏറ്റവുമധികം കടപ്പെട്ടിരിക്കുക ഷൂട്ടൗട്ടിൽ നടത്തിയ സേവുകൾ കൊണ്ടായിരിക്കില്ല. മറിച്ച് ലോകകപ്പ് ഫൈനലിന്റെ തൊണ്ണൂറാം മിനുട്ട് കഴിഞ്ഞുള്ള ഇഞ്ചുറി ടൈമിൽ കൊളോ മുവാനി വൺ ഓൺ വൺ സാഹചര്യത്തിൽ ഉതിർത്ത ഷോട്ട് രക്ഷപ്പെടുത്തിയതായിരിക്കും.

ആ ഷോട്ട് ഗോളായി മാറിയിരുന്നെങ്കിൽ അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകൾ അവിടെത്തന്നെ തീർന്നു പോയേനെ. മത്സരത്തിന്റെ അവസാനത്തെ കിക്കായാണ് ആ ഷോട്ട് വന്നത്. അതിനു ശേഷം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു പോയ മത്സരം പിന്നീട് പെനാൽറ്റിയിലും എത്തിയപ്പോൾ അർജന്റീന ഫ്രാൻസിനെ മറികടന്ന് വിജയം നേടുകയും ലോകകപ്പ് സ്വന്തമാക്കുകയും ചെയ്‌തു.

ലോകകപ്പ് ഫൈനലിൽ എമിലിയാനോ നടത്തിയ ആ സേവ് വളരെ പ്രസിദ്ധമായ ഒന്നാണ്. അർജന്റീന സഹതാരം പപ്പു ഗോമസ് അത് ടാറ്റൂ ചെയ്യുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ചെൽസിയും ആസ്റ്റൺ വില്ലയും തമ്മിൽ പ്രീമിയർ ലീഗ് നടന്ന മത്സരത്തിൽ അതിനു സമാനമായ ഒരു സേവ് എമിലിയാനോ നടത്തിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

മത്സരത്തിന്റെ ആദ്യപകുതിയിലാണ് എമിലിയാനോ മാർട്ടിനസിന്റെ സേവ് വരുന്നത്. എമിലിയാനോ നൽകിയ പന്ത് ആസ്റ്റൺ വില്ല പ്രതിരോധതാരം നിയന്ത്രിക്കാൻ പരാജയപ്പെട്ടപ്പോൾ പന്തെടുത്ത മുഡ്രിച്ച് ഉടനെ തന്നെ നിറയൊഴിച്ചു. വളരെ മികച്ചൊരു അവസരമായിരുന്നെങ്കിലും എമിലിയാനോ തന്റെ കാലു നീട്ടി അതിനെ തടുത്തിട്ട് ആസ്റ്റൺ വില്ലയെ രക്ഷിക്കുകയായിരുന്നു.

ആസ്റ്റൺ വില്ല രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ആറു സേവുകളാണ് എമിലിയാനോ മാർട്ടിനസ് നടത്തിയത്. മത്സരത്തിൽ ക്ലീൻഷീറ്റും താരം സ്വന്തമാക്കി. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ താരം സ്വന്തമാക്കുന്ന ആറാമത്തെ ക്ലീൻ ഷീറ്റായിരുന്നു ഇന്നലത്തെ മത്സരത്തിലേത്. താനൊരു ലോകോത്തര ഗോളിയാണെന്ന് ഇതിലൂടെ തെളിയിക്കാൻ എമിലിയാനോക്ക് കഴിഞ്ഞു.

Content Highlights: Emiliano Martinez Repeat World Cup Final Save Against Chelsea