മിന്നും ഫോമിൽ കളിക്കുന്ന അർജന്റീന താരത്തെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ് | Paulo Dybala

നിരവധി വർഷങ്ങളായി റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെ വിശ്വസ്തനായ താരമാണ് ബെൻസിമയെങ്കിലും ഈ സീസണിൽ സമ്മിശ്രമായ ഫോമിലാണ് ഫ്രഞ്ച് സ്ട്രൈക്കറുള്ളത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിലേക്കു നയിച്ചു കരിയറിലെ ആദ്യത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയ ബെൻസിമയുടെ ഫോം മങ്ങാൻ കാരണം പരിക്കിന്റെ പ്രശ്നങ്ങളാണ്.

ബെൻസിമ ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്നതു കൊണ്ടു തന്നെ അടുത്ത സീസണിൽ താരത്തിനു പകരക്കാരെ കണ്ടെത്തേണ്ടതു ക്ലബിനെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. അൽവാരോ റോഡ്രിഗസ് ഫസ്റ്റ് ടീമിലേക്ക് എത്തിയെങ്കിലും ചെറുപ്പക്കാരനായ താരത്തിന് ഇപ്പോൾ തന്നെ വലിയ ഭാരം നൽകാൻ ലോസ് ബ്ലാങ്കോസിന് കഴിയില്ല.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് നോട്ടമിട്ടിരിക്കുന്ന ഒരു മുന്നേറ്റനിര താരം ഇറ്റാലിയൻ ക്ലബായ റോമയിൽ കളിക്കുന്ന അർജന്റീനിയൻ ഫോർവേഡ് പൗലോ ഡിബാലയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി സീരി എയിൽ യുവന്റസിനൊപ്പം തിളങ്ങിയിരുന്ന താരം റോമയിലും മികച്ച ഫോമിലാണ്. എന്നാൽ ഈ സീസണിനപ്പുറം താരം റോമയിൽ തുടരുമെന്ന് ഉറപ്പിക്കാൻ കഴിയില്ല.

ഈ സീസൺ അവസാനിക്കുന്നതോടെ പൗലോ ഡിബാലയുടെ റിലീസിംഗ് ക്ലോസ് 12 മില്യണായി കുറയും. ഇതാണ് താരത്തിൽ റയൽ മാഡ്രിഡിനു താൽപര്യമുണ്ടാകാനുള്ള പ്രധാന കാരണം. അതേസമയം അർജന്റീനക്കൊപ്പം ലോകകപ്പ് നേടിയ പൗലോ ഡിബാലയും കരിയറിൽ വലിയൊരു വഴിത്തിരിവു കാത്തിരിക്കയാണ്. അതിനാൽ റയലിന്റെ ഓഫർ വന്നാൽ താരം വേണ്ടെന്നു വെക്കില്ലെന്നുറപ്പാണ്.

Content Highlights: Real Madrid Want Roma’s Argentina Player Paulo Dybala