മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണയെ അനുവദിക്കില്ല, അപ്രതീക്ഷിത നീക്കവുമായി പിഎസ്‌ജി | Lionel Messi

ലയണൽ മെസി ബാഴ്സലോണയിലേക്കു തിരിച്ചു പോകുമെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ ഫുട്ബോൾ ലോകത്തു സജീവമാണ്. പിഎസ്ജി കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെ അതു പുതുക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ല. മെസി കരാർ പുതുക്കാനുള്ള സാധ്യതയില്ലെന്നു വന്നതോടെയാണ് ഈ സീസണു ശേഷം പിഎസ്ജി വിട്ട് തന്റെ മുൻ ക്ലബായ ബാഴ്സയിലേക്കു തിരിച്ചു പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

അതിനിടയിൽ കഴിഞ്ഞ ദിവസം ബാഴ്സലോണ വൈസ് പ്രസിഡന്റായ റാഫ യുസ്‌റ്റെയും ക്ലബിന്റെ പരിശീലകനായ സാവി ഹെർണാണ്ടസും ലയണൽ മെസി ക്ലബിലേക്കു തിരിച്ചു വരുമെന്ന സൂചനകൾ നൽകിയിരുന്നു. മെസിയുടെ ക്യാമ്പുമായി തങ്ങൾ ട്രാൻസ്ഫർ സംബന്ധമായി ചർച്ചകൾ നടത്തുന്നുണ്ടെന്നു യുസ്റ്റെ പറഞ്ഞപ്പോൾ അവസാനത്തെ ആട്ടത്തിനായി മെസി തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് സാവി വെളിപ്പെടുത്തിയത്.

അതേസമയം മെസിക്കായി ബാഴ്സലോണ ശ്രമം തുടങ്ങിയെന്നു വ്യക്തമായതോടെ പിഎസ്ജി ക്യാമ്പ് ഉണർന്നിട്ടുണ്ട്. താരത്തെ ഏതെങ്കിലും തരത്തിൽ ക്ലബിൽ നിലനിർത്താനുള്ള പദ്ധതികളാണ് പിഎസ്ജി ആവിഷ്‌കരിക്കുന്നത്. ഇതിനായി മെസിയുടെ പ്രതിഫലം വർദ്ധിപ്പിക്കാൻ അവർ തയ്യാറാണ്. മെസിക്കു വേണ്ടി ബ്ലാങ്ക് ചെക്ക് നൽകാനാണ് പിഎസ്ജി ഒരുങ്ങുന്നതെന്ന് മുണ്ടോ ഡിപോർടീവോ പറയുന്നു.

റയൽ മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ ക്ലബുകളുമായി പിഎസ്ജി അത്ര സുഖത്തിലല്ല. രണ്ടു ക്ലബുകളുടെയും നേതൃത്വങ്ങൾ തമ്മിൽ പലപ്പോഴും അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് മെസിയെ ബാഴ്സലോണ സ്വന്തമാക്കുന്നതു നടയാൻ പിഎസ്ജി ശ്രമിക്കുന്നത്. എന്നാൽ ബാഴ്സയുടെ ഓഫർ വന്നാൽ മെസി അതു സ്വീകരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Content Highlights: PSG Ready To Make Huge Contract Offer To Lionel Messi To Prevent Him Joining Barcelona