വിലക്കിയിട്ടും പ്രതികാരം തീരാതെ എഐഎഫ്എഫ്, പരസ്യമായി ബ്ലാസ്റ്റേഴ്സും പരിശീലകനും മാപ്പു പറയണം | Kerala Blasters

ബംഗളൂരുവിനെതിരെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഛേത്രിയുടെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രവൃത്തിക്കെതിരെ കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നടപടി എടുത്തിരുന്നു. ഇവാന് പത്തു മത്സരങ്ങളിൽ വിലക്കും കേരള ബ്ലാസ്റ്റേഴ്സിന് നാലു കോടി രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം വിധിച്ചിരിക്കുന്നത്.

എന്നാൽ പിഴയിൽ മാത്രം നടപടി ഒതുങ്ങില്ല. ഫുട്ബോളിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സും പരിശീലകൻ വുകോമനോവിച്ചും ക്ഷമാപണം നടത്തണമെന്നും എഐഎഫ്എഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ ബ്ലാസ്റ്റേഴ്സിനെതിരായ പിഴശിക്ഷ ആറു കോടിയാകും. വുകോമനോവിച്ച് അടക്കേണ്ട പിഴ അഞ്ചു ലക്ഷത്തിൽ നിന്നും പത്തു ലക്ഷമായും ഉയരും.

കേരള ബ്ലാസ്റ്റേഴ്‌സോ പരിശീലകനോ ഇക്കാരൃത്തിൽ ക്ഷമാപണം നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിനു ശേഷം ഇവാന് പല ഭാഗത്തു നിന്നും പിന്തുണ ലഭിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർ വളരെ മോശം തീരുമാനമാണ് പലപ്പോഴും സ്വീകരിക്കുന്നതെന്നും അതിനാൽ ഇവാൻ ഉയർത്തിയ പ്രതിഷേധം ന്യായമായ ഒന്നു തന്നെയാണെന്ന അഭിപ്രായങ്ങളാണ് ഉയർന്നത്.

ഇവാൻ മാപ്പ് പറയുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ഒരിക്കലും അംഗീകരിക്കാൻ സാധ്യതയില്ല. ഇവാൻ നടത്തിയ പ്രതിഷേധം ഇന്ത്യൻ സൂപ്പർ ലീഗിനെ മെച്ചപെടുത്താൻ വേണ്ടിയാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഈ പ്രതിഷേധത്തിനു പിന്നാലെ അടുത്ത സീസണിൽ വീഡിയോ റഫറിയിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള നീക്കങ്ങൾ എഐഎഫ്എഫ് ആരംഭിക്കുകയും ചെയ്തു.

Content Highlights: Kerala Blasters And Ivan Vukomanovic to Apologize Publicly For Incidents Against Bengaluru FC