ഫുട്ബോളിനെ അപകീർത്തിപ്പെടുത്തി, സൂപ്പർകപ്പിനു മുൻപേ ഇവാനെ വിലക്കി എഐഎഫ്എഫ് | Kerala Blasters

ബംഗളൂരു എഫ്സിക്കെതിരെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഛേത്രിയുടെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തന്റെ താരങ്ങളെ കൂട്ടി കളിക്കളം വിട്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ നടപടി. സെർബിയൻ പരിശീലകനെ പത്തു മത്സരങ്ങളിൽ നിന്നും വിലക്കാനുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം എഐഎഫ്എഫ് എടുത്തത്.

രണ്ടു ടീമുകളും സമനിലയിൽ തുടർന്നതിനെ തുടർന്ന് എക്സ്ട്രാ ടൈമിലുണ്ടായ സംഭവം ഏറെ വിവാദങ്ങൾക്കു കാരണമായിരുന്നു. ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് മത്സരം മുഴുവനാക്കാതെ കളിക്കളം വിടുകയെന്നത് ഫുട്ബോൾ ലോകത്ത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അതു കൊണ്ടു തന്നെ നടപടി എടുക്കാതിരിക്കാൻ ഒരു തരത്തിലും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനു കഴിയുമായിരുന്നില്ല.

ഇവാനു പുറമെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. നാലു കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് പിഴയായി ചുമത്തിയിരിക്കുന്നത്. ഇവാനും പിഴയൊടുക്കണം. അഞ്ചു ലക്ഷം രൂപയാണ് നൽകേണ്ടത്. എഐഎഫ്എഫ് ടൂർണമെന്റുകളിലാണ് വിലക്കെന്നതിനാൽ ഹീറോ സൂപ്പർ കപ്പിൽ വുകോമനോവിച്ച് ടീമിനെ പരിശീലിപ്പിക്കാനുണ്ടാകില്ല.

ഇവാൻ വുകോമനോവിച്ചിനെതിരെ നടപടി ഉണ്ടായാൽ അതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വ്യക്തമാക്കിയിരുന്നു. താരതമ്യേനെ കുറഞ്ഞ ശിക്ഷയാണ് പരിശീലകനു ലഭിച്ചിരിക്കുന്നത്. എങ്കിലും സൂപ്പർകപ്പിൽ ഇതിനെതിരെ പ്രതിഷേധം ഉയരാനുള്ള സാധ്യത കൂടുതലാണ്.

Content Highlights: AIFF Suspends Kerala Blasters Coach Ivan Vukomanovic For 10 Matches