“ലയണൽ മെസിയുടെ തിരിച്ചു വരവിനെ ഞങ്ങൾ അത്രയേറെ ഇഷ്‌ടപ്പെടുന്നു”- ആരാധകരുടെ ആഗ്രഹം സഫലമാകുന്നതിന്റെ വ്യക്തമായ സൂചനകൾ | Lionel Messi

ഖത്തർ ലോകകപ്പിന് ശേഷം പിഎസ്‌ജി കരാർ പുതുക്കുമെന്ന് പ്രതീക്ഷിച്ച ലയണൽ മെസി ഇതുവരെയും കരാർ പുതുക്കിയിട്ടില്ല. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തു പോയതോടെ ലയണൽ മെസിക്കെതിരെ ഫ്രാൻസിലെ ആരാധകർ തിരിയുകയും ചെയ്‌തു. ഇതോടെ ലയണൽ മെസി ഫ്രാൻസിൽ ഇനി ഉണ്ടാകില്ലെന്ന റിപ്പോർട്ടുകൾ ശക്തമായി വന്നിരുന്നു. ഇപ്പോൾ അതിനെ സ്ഥിരീകരിക്കുന്ന വാർത്തകളാണ് സ്പെയിനിൽ നിന്നും വരുന്നത്.

ബാഴ്‌സലോണ വൈസ് പ്രസിഡന്റായ റാഫ യുസ്‌റ്റേയാണ് മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ സാധ്യതയുണ്ടെന്ന വ്യക്തമായ സൂചനകൾ നൽകിയിരിക്കുന്നത്. ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്ന റിപ്പോർട്ടുകൾ ശക്തമായി ഉണ്ടായിരുന്നെങ്കിലും ഇതുവരെയും ബാഴ്‌സലോണ ക്ലബിൽ നിന്നും അതുമായി ബന്ധപ്പെട്ടു വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അതുമിപ്പോൾ ലഭിച്ചിട്ടുണ്ട്.

“ഞങ്ങൾ ലയണൽ മെസിയുടെ ക്യാമ്പുമായി ചർച്ചകൾ നടത്തുന്നുണ്ട്. ലിയോയെ ഞങ്ങൾ എത്രത്തോളം ആദരിക്കുന്നുണ്ടെന്ന് താരത്തിനറിയാം, ഞങ്ങൾ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി അത്രയധികം ആഗ്രഹിക്കുന്നുണ്ട്. മെസി ബാഴ്‌സലോണ നഗരത്തെയും ക്ലബിനെയും ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. മെസിയുടെ ചരിത്രം ഇവിടെ വീണ്ടും തുടരാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.” റാഫ യുസ്‌റ്റെ പറഞ്ഞു.

ലയണൽ മെസിയുടെ തിരിച്ചു വരവിനായി ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ട് എന്നതിന്റെ വ്യക്തമായ സൂചനകളാണ് അദ്ദേഹം നൽകിയത്. ബാഴ്‌സലോണ ശ്രമം നടത്തിയാൽ മെസി അതിനെ നിഷേധിക്കാൻ യാതൊരു സാധ്യതയുമില്ല. മെസി പാരീസിൽ തൃപ്‌തനല്ല എന്നതിനാൽ തന്നെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ താരത്തിന് ആഗ്രഹമുണ്ടാകും. ബാഴ്‌സ വിളിച്ചാൽ മെസി മറ്റൊരു യൂറോപ്യൻ ക്ലബ്ബിനെ ഒരിക്കലും പരിഗണിക്കുകയുമില്ല.

Content Highlights: Barcelona Vice President Says They Are In Talks With Lionel Messi’s Camp