ബാഴ്സയിലേക്കു തിരിച്ചെത്തിയാൽ മെസിയുടെ പൊസിഷൻ മാറും, വ്യത്യസ്തമായ പദ്ധതികളുമായി സാവി | Lionel Messi

ലയണൽ മെസി ബാഴ്സയിലേക്കു തിരിച്ചെത്താനുള്ള സാധ്യതകൾ വളരെയധികം വർധിച്ചുവെന്നാണ് ഫുട്ബോൾ ലോകത്തു നിന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ബാഴ്സലോണ വൈസ് പ്രസിഡന്റ് മെസിയെ തിരിച്ചു കൊണ്ടു വരാനുള്ള ചർച്ചകൾ നടത്തുന്നുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തു. പിഎസ്ജി കരാർ പുതുക്കാൻ സാധ്യതയില്ലാതെ വന്നതോടെയാണ് ബാഴ്സ മെസിക്കുള്ള ശ്രമം തുടങ്ങിയത്.

അതേസമയം ബാഴ്സലോണയിലേക്കു മെസി തിരിച്ചു വന്നാൽ താരത്തിന്റെ പൊസിഷനിൽ മാറ്റം വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മുൻപ് ഡീപ്പിലേക്ക് ഇറങ്ങി വരികയും അതിന്റെ കൂടെത്തന്നെ ആക്രമണത്തിൽ എത്തുകയും ചെയ്ത് പൂർണമായ സ്വാതന്ത്ര്യം മെസിക്ക് കളിക്കളത്തിൽ ലഭിച്ചിരുന്നു. എന്നാൽ തിരിച്ചു വരവിൽ അതേ സ്വാതന്ത്യം മെസിക്ക് യാതൊരു തരത്തിലും ലഭിക്കാൻ സാധ്യതയില്ല.

മുണ്ടോ ഡിപോർടീവോ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ലയണൽ മെസിയെ ആക്രമണ നിരയിൽ നിന്നും മധ്യനിരയിലേക്കു മാറ്റി കൂടുതൽ ഡീപ്പർ റോൾ നൽകാനാണ് സാവി ഒരുങ്ങുന്നത്. ഇതു വഴി മെസിയുടെ ക്രിയാത്മകത കൃത്യമായി ഉപയോഗിക്കുക എന്നതാണ് സാവിയുടെ പദ്ധതി. നാലു പേരെ മധ്യനിരയിൽ അണിനിരത്തിയുള്ള പദ്ധതി അവലംബിച്ചു വിജയിച്ചിട്ടുള്ള സാവി മെസിയെ വെച്ചും അതാവർത്തിക്കും.

അതേസമയം മെസിയുടെ തിരിച്ചു വരവ് ബാഴ്സലോണയുടെയും മെസിയുടെയും ആരാധകർക്ക് ആവേശം നൽകുന്ന ഒന്നായിരിക്കും. പിഎസ്ജിയിൽ എത്തിയതിനു ശേഷം മെസി തീരെ സന്തുഷ്ടനല്ല എന്ന കാര്യം വ്യക്തമാണ്. കരിയറിന്റെ അവസാന കാലഘട്ടത്തിൽ ആണെങ്കിലും മികച്ച പ്രകടനം നടത്തുന്ന മെസിയെ ബാഴ്സ കൃത്യമായി ഉപയോഗിക്കും എന്നു തന്നെയാണു കരുതേണ്ടത്.

Content Highlights: Xavi To Use Messi As A Midfielder If He Return To Barcelona