ഇന്ത്യൻ ഫുട്ബോളിലെ വമ്പൻ പോരാട്ടത്തിന്റെ ആവേശത്തിലേക്ക് കേരളം, മത്സരങ്ങൾ കാണുന്നതിനുള്ള വിവരങ്ങൾ

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ വെച്ചു നടക്കാൻ പോകുന്നത്. ഐഎസ്എല്ലിലെയും ഐലീഗിലെയും ക്ലബുകൾ മാറ്റുരക്കുന്ന പോരാട്ടം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം, പയ്യനാട് സ്റ്റേഡിയം എന്നിവിടങ്ങളിൽ വെച്ചു നടക്കുമ്പോൾ അത് മലബാറിലെ ആരാധകർക്കും ആവേശം നൽകുന്ന അനുഭവമാകും.

ഇന്ത്യയിലെ മികച്ച ക്ലബുകളെല്ലാം മാറ്റുരക്കുന്ന പോരാട്ടത്തിനുള്ള വേദികളെ സംബന്ധിച്ച് ആദ്യം ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആശങ്കകൾ ഒരു വിധത്തിൽ ദൂരീകരിക്കപ്പെട്ടിട്ടുണ്ട്. പയ്യനാട് സ്റ്റേഡിയം പൂർണമായും മത്സരങ്ങൾക്കായി തയ്യാറായി. കോഴിക്കോട് സ്റ്റേഡിയവും ടൂർണമെന്റിനു മുൻപേ തയ്യാറെടുക്കും. ഫ്ലഡ് ലൈറ്റ് ക്രമീകരണങ്ങൾ ഇനി പൂർത്തിയാക്കണം.

ഹീറോ സൂപ്പർ കപ്പ് മത്സരങ്ങൾ സ്റ്റേഡിയത്തിൽ പോയി കാണേണ്ടവർക്ക് ബുക്ക്മൈഷോ വഴി ടിക്കറ്റുകൾ വാങ്ങാം. ക്വാളിഫയർ മത്സരങ്ങൾക്ക് 150 രൂപയാണു ടിക്കറ്റ് നിരക്ക്. ഗ്രൂപ്പ് മത്സരങ്ങൾക്ക് 250 രൂപയാണ് നിരക്ക്. ഇതിൽ രണ്ടു മത്സരങ്ങൾ കാണാം. വിഐപി ടിക്കറ്റിൽ രണ്ടു മത്സരങ്ങൾ കാണാൻ 350 രൂപയാണു ചിലവാക്കേണ്ടത്.

മത്സരങ്ങൾ സ്റ്റാർ സ്പോർട്‌സാണ് സംപ്രേഷണം ചെയ്യുന്നത്. അതിനു പുറമേ ഫാൻകോഡ് ആപ്പ് വഴിയും മത്സരങ്ങൾ കാണാൻ കഴിയും. കേരളത്തിൽ നിന്നും രണ്ടു ടീമുകൾ ഉണ്ടെന്നതു കൂടുതൽ ആവേശം നൽകുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സിനു പുറമേ ഐ ലീഗ് ക്ലബ് ഗോകുലം കേരളയാണ് സൂപ്പർ കപ്പിൽ മത്സരിക്കുന്നത്.

Content Highlights: Hero Super Cup Ticket Rates And Telecast Details