മഴവിൽ വിരിയിച്ച് അർജന്റീനിയൻ മാലാഖ, ഫ്രാൻസ് പരിശീലകനെ സാക്ഷി നിർത്തി ഹാട്രിക്ക് പ്രകടനം

യുവേഫ യൂറോപ്പ ലീഗ് പ്ലേ ഓഫിൽ അർജന്റീനിയൻ താരമായ ഏഞ്ചൽ ഡി മരിയ നടത്തിയ പ്രകടനം ആരാധകർക്ക് മറക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഫ്രഞ്ച് ക്ലബായ നാന്റസിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി യുവന്റസ് യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിലേക്ക് കടന്ന മത്സരത്തിൽ പിറന്ന മൂന്നു ഗോളുകളും ഏഞ്ചൽ ഡി മരിയയുടെ വകയായിരുന്നു. ഇതോടെ രണ്ടു പാദങ്ങളിലായി ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുവന്റസ് വിജയം നേടിയത്.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ഏഞ്ചൽ ഡി മരിയ യുവന്റസിനെ മുന്നിലെത്തിച്ചു. നിക്കോളോ ഫാഗിയോളി നൽകിയ പന്ത് വലതു വിങ്ങിൽ ബോക്സിന്റെ വശത്തു നിന്നും താരം ഫസ്റ്റ് ടൈം ഷോട്ടിലൂടെ പോസ്റ്റിന്റെ ടോപ് കോർണറിലേക്ക് തൂക്കിയിറക്കിയത് അതിമനോഹരമായ കാഴ്‌ചയായിരുന്നു. ഈ സീസണിൽ പിറന്ന ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അതിനു പിന്നാലെ തന്നെ യുവന്റസിനായി ഡി മരിയ രണ്ടാമത്തെ ഗോളും നേടി. പതിനേഴാം മിനുട്ടിൽ ഹാൻഡ് ബോളിനെ തുടർന്ന് നാന്റസ് താരത്തിന് ചുവപ്പു കാർഡ് ലഭിച്ചതിനു പിന്നാലെ പെനാൽറ്റിയിൽ നിന്നാണ് ഡി മരിയ വല കുലുക്കിയത്. അതിനു ശേഷം എഴുപത്തിയെട്ടാം മിനുട്ടിൽ താരത്തിന്റെ മൂന്നാം ഗോളും പിറന്നു. വ്ലാഹോവിച്ച് ഉയർത്തി നൽകിയ പന്ത് ഒരു ഹെഡറിലൂടെ താരം വലയിലേക്ക് എത്തിക്കുകയായിരുന്നു. യുവന്റസിൽ താരത്തിന്റെ ആദ്യ ഹാട്രിക്ക് ഇതോടെ പിറന്നു.

മത്സരം കാണാൻ ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്‌സ് എത്തിയിരുന്നു എന്നത് കൗതുകകരമായ കാര്യമായിരുന്നു. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് ഏറ്റവും തലവേദന സമ്മാനിച്ച താരമായിരുന്നു ഏഞ്ചൽ ഡി മരിയ. ഒരു ഗോൾ നേടിയ താരം ഒരു പെനാൽറ്റി നേടിയെടുക്കുകയും ചെയ്‌തു. ഏഞ്ചൽ ഡി മരിയയെ പിൻവലിച്ചതിനു ശേഷം മാത്രമാണ് മത്സരത്തിൽ ഫ്രാൻസിന് തിരിച്ചുവരാൻ കഴിഞ്ഞത്. അതെ ഡി മരിയയുടെ മറ്റൊരു അസാമാന്യ പ്രകടനം കൂടി ഫ്രഞ്ച് പരിശീലകന് കാണേണ്ടി വന്നു.