യൂറോപ്പിൽ ചുവടുറപ്പിക്കാൻ കഴിയാതെ സാവി, ബ്രസീലിയൻ താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹീറോകൾ

സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്‌സലോണ ടീമെന്ന നിലയിൽ വളരെയധികം മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും യൂറോപ്യൻ ഫുട്ബോളിൽ അവർക്കുള്ള തിരിച്ചടി തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റ് പുറത്തു പോയതോടെ സാവി എത്തിയതിനു ശേഷം രണ്ടു വർഷത്തിനിടെ നാലാമത്തെ തവണയാണ് ബാഴ്‌സലോണ യൂറോപ്യൻ ടൂർണമെന്റുകളിൽ നിന്നും പുറത്തു പോകുന്നത്.

ആദ്യപാദത്തിൽ ബാഴ്‌സലോണയുടെ മൈതാനത്ത് രണ്ടു ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ ടീമുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനത്ത് കണ്ടു മുട്ടിയപ്പോൾ ആദ്യപകുതിയിൽ ബാഴ്‌സലോണയാണ് ആധിപത്യം സ്ഥാപിച്ചത്. റോബർട്ട് ലെവൻഡോസ്‌കി പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ അവർ മുന്നിലെത്തുകയും ചെയ്‌തു. എന്നാൽ രണ്ടാം പകുതിയിൽ ബ്രസീലിയൻ താരങ്ങളായ ഫ്രെഡ്, ആന്റണി എന്നിവർ നേടിയ ഗോളിൽ തിരിച്ചു വന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം പിടിച്ചെടുത്തു.

മത്സരത്തിന്റെ ആദ്യപകുതിൽ മികച്ച പ്രകടനം നടത്തിയ ബാൾഡെയെ രണ്ടാം പകുതിയിൽ സമർത്ഥമായി പൂട്ടിയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടാൻ നിർണായകമായത്. അതിനു പുറമെ ബാഴ്‌സലോണയുടെ പ്രതിരോധത്തിന്റെ പിഴവുകളും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം എളുപ്പമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു ഗോളുകളും ബാഴ്‌സ പ്രതിരോധത്തിന്റെ പിഴവിൽ നിന്നുമാണ് വന്നത്.

സാവി പരിശീലകനായി എത്തിയതിനു ശേഷമാണ് കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്തായത്. അതിനു ശേഷം യൂറോപ്പ ലീഗിൽ കളിച്ച ടീം ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായി. ഈ സീസണിലും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ബാഴ്‌സലോണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെയാണ് യൂറോപ്പ ലീഗ് പ്ലേ ഓഫിൽ നിന്നും പുറത്തു പോയത്. പ്രധാന താരങ്ങളുടെ പരിക്ക് ബാഴ്‌സലോണയെ ഇതിലെല്ലാം വലച്ചിട്ടുണ്ട്.