“ഇനിയെങ്കിലും ഇതൊന്നു നിർത്തൂ”- ലോകകപ്പിനിടെ മെസിയോട് ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തി എമിലിയാനോ മാർട്ടിനസ്

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഹീറോകളായ താരങ്ങളാണ് ലയണൽ മെസിയും എമിലിയാനോ മാർട്ടിനസും. തന്നെ കേന്ദ്രീകരിച്ചു കളിക്കുന്ന അർജന്റീന ടീമിനായി ലയണൽ മെസി ടൂർണമെന്റിലെ താരമാകുന്ന പ്രകടനം കാഴ്‌ച വെച്ച് ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയപ്പോൾ ഗോൾവലക്ക് കീഴിൽ എമിലിയാനോ മാർട്ടിനസ് ഗംഭീരമായ പ്രകടനമാണ് നടത്തിയത്. ലോകകപ്പിലെ രണ്ടു ഷൂട്ടൗട്ടുകളിലും അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത് താരമായിരുന്നു.

ലോകകപ്പിൽ മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എമിലിയാനോ മാർട്ടിനസാണ്‌ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയത്. അതേസമയം ലോകകപ്പിനിടെയുണ്ടായ രസകരമായ ഒരു സംഭവം കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തിനു ശേഷം ലയണൽ മെസിയോട് ഇനിയും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടരുതെന്നു താൻ പറഞ്ഞുവെന്നാണ് എമിലിയാനോ മാർട്ടിനസ് പറയുന്നത്.

“ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ശേഷം മെസിയോട് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ നേടരുതെന്ന് ഞാൻ പറഞ്ഞിരുന്നു. കാരണം, താരം ഒരുപാട് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ നേടിയിരുന്നു. മെസിക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ സഹായിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. താരം ഇനിയും കളിക്കളത്തിൽ തുടരുമെന്നും ഇക്കഴിഞ്ഞത് അവസാനത്തെ ലോകകപ്പ് ആവില്ലെന്നും ഞാൻ കരുതുന്നു.” ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ താരം പറഞ്ഞു.

ഖത്തർ ലോകകപ്പിൽ നാല് മത്സരങ്ങളിലാണ് ലയണൽ മെസി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ നേടിയത്. മറ്റൊരു താരവും ഇതിനു മുൻപ് ലോകകപ്പിൽ ഇത്രയും മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് നേടിയിട്ടില്ല. അതിനു പുറമെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ ഓരോ ഘട്ടത്തിലും ഗോളുകൾ നേടാനും താരത്തിന് കഴിഞ്ഞിരുന്നു. മറ്റൊരു താരത്തിനും ഈ നേട്ടവും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.