“ഇതുപോലൊരു മാറ്റം ഇതിനു മുൻപുണ്ടായിട്ടില്ല, റൊണാൾഡോ തനിക്ക് ചുറ്റും ഒരു സ്‌കൂൾ തന്നെ സൃഷ്‌ടിച്ചെടുത്തു”

ലോകം മുഴുവൻ ശ്രദ്ധിച്ചതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ട്രാൻസ്‌ഫർ. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതിനെ തുടർന്ന് ഫ്രീ ഏജന്റായി മാറിയ താരം ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒടുവിൽ സൗദി ക്ലബിലാണ് എത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായാണ് റൊണാൾഡോ സൗദിയിൽ എത്തിയത്.

സൗദിയിൽ എത്തിയ റൊണാൾഡോ സഹതാരങ്ങൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്താൻ തുടങ്ങിയിട്ടുണ്ടെന്നാണ് ക്ലബിലെ ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. സഹതാരങ്ങൾ പലരും ഫിറ്റ്നസ് നിലനിർത്താൻ വേണ്ടി റൊണാൾഡോയുടെ രീതികൾ പിന്തുടന്നു തുടങ്ങിയെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ജോസ് ബ്ലേസ പറയുന്നത്. റൊണാള്ഡോക്കൊപ്പം ജോലി ചെയ്യുന്നത് വളരെ മനോഹരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാവരെയും പോലെ എനിക്കും ആശങ്കയുണ്ടായിരുന്നു. ക്ലബ് ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്തുമോയെന്നും, താരത്തിനൊപ്പം ജോലി ചെയ്യുന്നത് എങ്ങനെയാകും എന്നെല്ലാം. പക്ഷെ ഞാൻ താരത്തെപ്പോലെ മികച്ചൊരു പ്രൊഫെഷണൽ ഫുട്ബോൾ താരത്തെ വേറെ കണ്ടിട്ടില്ല. പരിശീലനത്തിനായി ആദ്യം വരുന്നതും അവസാനം അവിടെ നിന്നും പോകുന്നതും റൊണാൾഡോയാണ്.”

“ക്രിസ്റ്റ്യാനോ എന്നെയൊരുപാട് സഹായിച്ചു, കാരണം ഞങ്ങൾക്ക് താരത്തെയൊന്നും പേടിപ്പിക്കാനില്ലായിരുന്നു. താരം തനിക്ക് ചുറ്റും ഒരു സ്‌കൂൾ ഉണ്ടാക്കിയെടുത്തു. മറ്റുള്ള താരങ്ങൾ റൊണാൾഡോ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. തന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണ് റൊണാൾഡോ ചെയ്യുന്നതെല്ലാം. റൊണാൾഡോ വന്നതിനു ശേഷം ഓരോ താരങ്ങളും നല്ല രീതിയിൽ പരിശീലിക്കാനും കൃത്യമായ ഡയറ്റ് പിന്തുടരാനും തുടങ്ങി.” ബ്ലേസ പറഞ്ഞു.

റൊണാൾഡോയുടെ വരവോടു കൂടി ടീമിലെ എല്ലാ താരങ്ങളും അവയുടെ ശാരീരികഘടന തൊണ്ണൂറു ശതമാനം മികച്ചതാക്കിയെന്നും ഇതുപോലെയൊരു മാറ്റം ഒരു ക്ലബിലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താരങ്ങൾ കൊഴുപ്പില്ലാത്ത, പേശികൾ കൃത്യമായി കാത്തുസൂക്ഷിച്ച് എല്ലാം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്നും ഈ ക്ലബിൽ ജോലി ചെയ്യുന്നത് നല്ല അനുഭവമാണെന്നും താരം പറഞ്ഞു.