ആഗ്രഹമുണ്ടായിട്ടല്ല റാമോസ് വിരമിക്കൽ പ്രഖ്യാപിച്ചത്, മെസിയെക്കുറിച്ചും പരാമർശം

കഴിഞ്ഞ ദിവസമാണ് സ്‌പാനിഷ്‌ ഇതിഹാസമായ സെർജിയോ റാമോസ് ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നത്. നിരവധി വർഷങ്ങൾ സ്‌പാനിഷ്‌ ഫുട്ബോളിലെ നെടുന്തൂണായിരുന്ന താരം സാധ്യമായ നേട്ടങ്ങളെല്ലാം ദേശീയ ടീമിനൊപ്പം സ്വന്തമാക്കിയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ ആഗ്രഹമുണ്ടായിട്ടല്ല സെർജിയോ റാമോസ് ദേശീയ ടീമിൽ നിന്നും വിരമിച്ചതെന്നാണ് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ വ്യക്തമാക്കുന്നത്.

“എന്റെ കരിയറിൽ ഞാൻ ചെയ്‌തതും മികച്ച പ്രകടനം നടത്തിയതും അങ്ങിനെ നിൽക്കെ നിലവിലെ പരിശീലകൻ എന്നെ വിളിച്ച് അദ്ദേഹത്തിന്റെ പദ്ധതികളിൽ ഇപ്പോഴും പിന്നീടും ഞാനില്ലെന്ന് അറിയിച്ചിരുന്നു. എന്റെ പ്രകടനം ഇപ്പോൾ ദേശീയ ടീമിന് മതിയാവില്ലെന്നിരിക്കെ ഈ യാത്ര അവസാനിപ്പിക്കാൻ സമയമായെന്ന് ഞാൻ കരുതുന്നു.” റാമോസ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ വ്യക്തമാക്കി.

ദേശീയ ടീമിനായി ഇനിയും നൽകാൻ കഴിയുമെന്ന് സെർജിയോ റാമോസിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. പ്രായമെന്നത് ഒരാളുടെ പ്രകടനത്തെയും കഴിവിനെയും അളക്കാനുള്ള മാനദണ്ഡമല്ലെന്നു തന്റെ കുറിപ്പിൽ റാമോസ് പറയുന്നുണ്ട്. അതിനൊപ്പം തന്നെ പ്രായമാണ് തന്നെ ഒഴിവാക്കാനുള്ള കാരണമെന്ന് പരിശീലകൻ നേരിട്ട് പറഞ്ഞിട്ടില്ലെന്നും റാമോസ് പറഞ്ഞു. എന്തായാലും ടീമിൽ താരത്തിന് ഇടമില്ലെന്നതു തന്നെയാണ് റാമോസ് വിരമിക്കാൻ കാരണമായിരിക്കുന്നത്.

തന്റെ വിരമിക്കൽ കുറിപ്പിൽ ലയണൽ മെസിയെക്കുറിച്ച് സെർജിയോ റാമോസ് പരാമർശം നടത്തുന്നുണ്ട്. മെസി, മോഡ്രിച്ച്, പെപ്പെ എന്നീ താരങ്ങളോട് ഒരേ സമയം താൻ മത്സരിക്കുകയും അതിനൊപ്പം വലിയ ബഹുമാനം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് റാമോസ് പറയുന്നത്. ഫുട്ബോളിന്റെ പാരമ്പര്യവും മൂല്യവും നീതിയുമെല്ലാം ഈ താരങ്ങൾ ഉൾക്കൊള്ളുന്നുവെന്നും റാമോസ് കൂട്ടിച്ചേർത്തു. 2021 ഏപ്രിൽ മുതൽ ദേശീയ ടീമിൽ അവസരങ്ങൾ ഉണ്ടായിരുന്നില്ലെന്നതിനു പിന്നാലെയാണ് റാമോസ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.