“ആന്റണി റോബൻ”- ഹോളണ്ട് ഇതിഹാസത്തെ ഓർമിപ്പിച്ച കിടിലൻ ഗോളുമായി ബ്രസീലിയൻ താരം

ഹോളണ്ടിന്റെയും ബയേൺ മ്യൂണിക്കിന്റെയും ഇതിഹാസമായ ആര്യൻ റോബൻ നേടിയിരുന്ന ഒരു തരം ഗോൾ ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. വലതു വിങ്ങിൽ നിന്നും വേഗതയിൽ മുന്നേറി വന്ന് ബോക്‌സിന്റെ എഡ്‌ജിൽ നിന്നും ഒരു താരത്തെ കട്ട് ചെയ്‌ത്‌ ഉതിർക്കുന്ന ഷോട്ട് ബോക്‌സിന്റെ ടോപ് കോർണറിലൂടെ വലയിലെത്തും. ആയിരം കിക്ക് പഠിച്ചയാളിനേക്കാൾ ഒരു കിക്ക് ആയിരം തവണ പ്രാക്റ്റിസ് ചെയ്‌തയാളെ കൂടുതൽ പേടിക്കണമെന്ന ബ്രൂസ് ലീ വചനത്തോടാണ് റോബന്റെ കിക്കിനെ പലരും ഉപമിച്ചിരുന്നത്.

ഇന്നലെ കറബാവോ കപ്പിൽ ചാൾട്ടൻ അത്ലറ്റിക്കിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി നേടിയ ഗോൾ ആര്യൻ റോബന്റെ ഈ ഗോളിനെ ഓർമിപ്പിക്കുന്ന ഒന്നായിരുന്നു. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനുട്ടിലാണ് ഗോൾ പിറന്നത്. മത്സരത്തിലെ ആദ്യഗോളായിരുന്നു ആന്റണി നേടിയത്. ഈ ഗോളിലാണ് മത്സരത്തിന്റെ തൊണ്ണൂറു മിനുട്ടിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിട്ടു നിന്നിരുന്നത്. അതിനു ശേഷം പകരക്കാരനായിറങ്ങി രണ്ടു ഗോളുകൾ നേടിയ മാർക്കസ് റാഷ്‌ഫോഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം സമ്മാനിച്ചു.

Antony Scores A Beautiful Goal For Man Utd Against Charlton Athletic

ഫ്രഡിൽ നിന്നും പന്ത് സ്വീകരിക്കുമ്പോൾ വലതു വിങ്ങിൽ ബോക്‌സിന്റെ തൊട്ടു പുറത്ത് നിൽക്കുകയായിരുന്നു ആന്റണി. പന്ത് സ്വീകരിച്ചയുടനെ ഒരു എതിർടീമി ഡിഫെൻഡറെ കട്ട് ചെയ്‌തതിനു ശേഷം താരം ഷോട്ടുതിർത്തു. മനോഹരമായി വളഞ്ഞ് അത് പോസ്റ്റിന്റെ ടോപ് കോര്ണറിലൂടെ വലക്കകത്തേക്ക് കയറിപ്പോയി. ഇതാദ്യമായല്ല ആന്റണി ഇതുപോലെയുള്ള ഗോളുകൾ നേടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയുമായി നടന്ന 6-3നു തോൽവി വഴങ്ങിയ മത്സരത്തിലും താരം സമാനമായ ഗോൾ നേടിയിരുന്നു. എന്നാൽ അന്നത്തെ കനത്ത തോൽ‌വിയിൽ അത് മുങ്ങിപ്പോയി.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അയാക്‌സിൽ നിന്നും വമ്പൻ തുക നൽകിയാണ് ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. പരിശീലകനായ എറിക് ടെൻ ഹാഗിന്റെ ആവശ്യപ്രകാരമാണ് താരം ടീമിലേക്ക് വന്നത്. തന്റെ മൂല്യത്തിനു അനുസൃതമായ പ്രകടനം നടത്താൻ ആന്റണിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ടീമുമായി നല്ല രീതിയിൽ ഒത്തിണങ്ങിയാൽ ഇതുപോലെയുള്ള മനോഹരമായ പ്രകടനം നടത്താൻ കഴിയുമെന്ന് താരം തെളിയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് താരത്തിൽ പ്രതീക്ഷയമുണ്ട്.

എറിക് ടെൻ ഹാഗിന് കീഴിൽ ലോകകപ്പിനു ശേഷം തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. ലോകകപ്പിന് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയം നേടിയ ടീം ആറു മത്സരങ്ങളിൽ നിന്നും പതിനഞ്ചു ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയപ്പോൾ ഒരെണ്ണം മാത്രമാണവർ വഴങ്ങിയത്. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെ ഈ പ്രകടനം തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആത്മവിശ്വാസം നൽകുന്നത്.