എമിലിയാനോയെപ്പോലെ വിഡ്ഢിത്തം കാണിക്കാൻ എനിക്കാവില്ല, ഷൂട്ടൗട്ടിൽ അർജന്റീന താരങ്ങൾ കബളിപ്പിച്ചുവെന്നും ഹ്യൂഗോ ലോറിസ്

ഖത്തർ ലോകകപ്പിന്റെ ഫൈനൽ ഷൂട്ടൗട്ടിലേക്ക് പോയപ്പോൾ അർജന്റീനയുടെ വിജയത്തിന് കാരണക്കാരനായത് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആയിരുന്നു. ഒരു കിക്ക് തടഞ്ഞിട്ട താരം അതിനു പുറമെ എതിരാളിയുടെ മനോവീര്യം തകർക്കാൻ നടത്തിയ ശ്രമങ്ങളിൽ ഷുവാമേനിയുടെ കിക്ക് പുറത്തു പോവുകയും ചെയ്‌തു. പെനാൽറ്റി ഷൂട്ടൗട്ട് വരുമ്പോൾ തനിക്കുള്ള ആധിപത്യം എമിലിയാനോ കൃത്യമായി കാണിച്ചു തന്നു. അതേസമയം മറുവശത്ത് ഹ്യൂഗോ ലോറീസിന് അർജന്റീന താരങ്ങളുടെ ഒരു കിക്ക് പോലും തടയാൻ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസം ഫ്രാൻസ് ടീമിൽ നിന്നും ഹ്യൂഗോ ലോറിസ് വിരമിക്കൽ പ്രഖ്യാപിച്ചു. മികച്ച ഗോൾകീപ്പർമാർ ഫ്രാൻസിൽ വളർന്നു വരുന്നുണ്ടെന്നും അവർക്കു വേണ്ടി വഴി മാറുകയാണെന്നുമാണ് താരം പറഞ്ഞത്. അതിനു പുറമെ ലോകകപ്പ് പെനാൽറ്റി ഷൂട്ടൗട്ടിനെ കുറിച്ചും താരം സംസാരിക്കുകയുണ്ടായി. എമിലിയാനോ മാർട്ടിനസിനെ പോലെ മൈൻഡ് ഗെയിം കളിക്കാൻ തനിക്കൊരിക്കലും കഴിയില്ലെന്നു പറഞ്ഞ ലോറിസ് ഷൂട്ടൗട്ടിൽ അർജന്റീന താരങ്ങൾ തന്നെ സമർത്ഥമായി കബളിപ്പിച്ചതിനെ കുറിച്ചും വെളിപ്പെടുത്തി.

Hugo Lloris About Emiliano Martinez And World Cup Final Shootout

“സത്യത്തിൽ എങ്ങിനെ ചെയ്യണമെന്ന് എനിക്കറിയാത്ത കാര്യങ്ങളുണ്ട്. ഗോൾമുഖത്ത് വിഡ്ഢികളെപ്പോലെയാവുക, പരിധിവിട്ടു പെരുമാറി എതിരാളികളെ അസ്ഥിരപ്പെടുത്തുക, അതൊന്നും എനിക്കറിയില്ല. ഞാൻ വളരെ സത്യസന്ധമായാണ് ആ സമയത്ത് ഇടപെടുക. അങ്ങിനെ ചെയ്‌ത്‌ തോൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, അതിനപ്പുറം ചെയ്‌ത്‌ വിജയിക്കാൻ എനിക്കറിയില്ല.” ലോറിസ് എൽ എക്വിപ്പെയോട് പറഞ്ഞു. വിജയം നേടുമെങ്കിൽ അങ്ങിനെ ചെയ്യാൻ കുഴപ്പമില്ലെങ്കിലും എമിലിയാനോ മാർട്ടിനസിനെ പോലെയാവാൻ തനിക്ക് കഴിയില്ലെന്നാണ് ലോറിസ് പറഞ്ഞത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന താരങ്ങൾ തന്നെ കബളിപ്പിച്ചതിനെ കുറിച്ചും ലോറിസ് പറഞ്ഞു. അർജന്റീന താരങ്ങൾ എവിടേക്കാണ് കഴിഞ്ഞ അമ്പതു കിക്കുകളിൽ കൂടുതലും എടുത്തതെന്ന് കൃത്യമായി പരിശോധിച്ചിരുന്നുവെന്നും അത് കൂടാതെയുള്ള വിവരങ്ങളും മനസിലാക്കിയിരുന്നുവെന്നും ലോറിസ് വെളിപ്പെടുത്തി. എന്നാൽ ഒരിക്കലും മധ്യത്തിലേക്ക് അടിക്കാത്ത ഡിബാല അവിടേക്ക് കിക്കെടുത്തത് ലോറിസ് ചൂണ്ടിക്കാട്ടുന്നു. അർജന്റീനയുടെ താരങ്ങൾ മുഴുവൻ ടീമിനായി പെനാൽറ്റി എടുക്കുന്നവരാണെങ്കിൽ ഫ്രാൻസിൽ എംബാപ്പെ മാത്രമേ അങ്ങിനെ ഉണ്ടായിരുന്നുള്ളൂവെന്നും ലോറിസ് പറഞ്ഞു.

പെനാൽറ്റി ഷൂട്ടൗട്ടിൽ താൻ അത്ര മികച്ച ഗോൾകീപ്പറല്ലെന്നും ലോറിസ് സമ്മതിച്ചു. 2021 യൂറോ കപ്പിൽ സ്വിറ്റ്സർലണ്ടിനെതിരെയും 2022 ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് എതിരേയുമായി ഒൻപതു പെനാൽറ്റികൾ നേരിട്ട് ലോറിസ് ഒരെണ്ണം പോലും തടുത്തിട്ടില്ല. ചില പ്രധാനപ്പെട്ട പെനാൽറ്റികൾ താൻ തടഞ്ഞിട്ടുണ്ടെന്നും ചില ഷൂട്ടൗട്ടുകളിൽ വിജയിച്ചിട്ടുണ്ടെന്നും പറഞ്ഞ ലോറിസ് തന്നെക്കാൾ മികച്ച ഗോൾകീപ്പർമാർ ഉണ്ടെന്നും സമ്മതിച്ചു.