ലയണൽ മെസി വീണ്ടും ഇന്ത്യയിലേക്കോ, രാജ്യത്തെ പ്രശംസിച്ച് അർജന്റീന നായകൻ

അർജന്റീന ഫുട്ബോൾ ടീമും ഇന്ത്യയും തമ്മിൽ എന്താണ് ബന്ധമെന്നു ചോദിച്ചാൽ ഖത്തർ ലോകകപ്പിന് ശേഷം ബന്ധമുണ്ടെന്നു തന്നെയാണ് പറയാൻ കഴിയുക. ഇന്ത്യക്കാരുടെ അർജന്റീന, മെസി ആരാധന ഖത്തർ ലോകകപ്പോടെ ഏവരും മനസിലാക്കിയ ഒന്നാണ്. പുള്ളാവൂർ പുഴയിലെ കട്ടൗട്ട് ആഗോളതലത്തിൽ വൈറലായത് അതിനൊരു ഉദാഹരണം. ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതിനു ശേഷം അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അറിയിപ്പുകൾ വരുന്ന ഔദ്യോഗിക ട്വിറ്റർ പേജ് ഇന്ത്യയിലേയും കേരളത്തിലെയും ആരാധകർക്ക് നന്ദി പറയുകയും ചെയ്‌തിരുന്നു.

ഇന്ത്യയുമായി മെസിക്കുള്ള മറ്റൊരു ബന്ധം എഡ്യുടെക്ക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി മെസി ചുമതല ഏറ്റെടുത്താണ്. കഴിഞ്ഞ ദിവസം തന്റെ ഒദ്യോഗിക പേജുകളിൽ നമസ്തേ പറഞ്ഞ് ബൈജൂസിന്റെ പ്രൊമോഷന് ലയണൽ മെസി എത്തിയിരുന്നു. കുട്ടികളിൽ വിദ്യാഭാസം വളർത്താൻ പ്രോത്സാഹനം നൽകുന്നതിനു വേണ്ടിയാണ് മെസി ബൈജൂസിന്റെ അംബാസിഡറായി ചുമതല ഏറ്റെടുത്തത്. ഇതോടെ ഖത്തർ ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീമിനെ നയിച്ച ലയണൽ മെസി ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതകളും വർധിച്ചിട്ടുണ്ട്.

Leo Messi on visiting India with Argentina National Team

ലയണൽ മെസി മുൻപ് തന്നെ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. 2011ലാണ് അതുണ്ടായത്. അർജന്റീനയും വെനസ്വലയും തമ്മിൽ നടന്ന സൗഹൃദമത്സരം കളിക്കുന്നതിനു വേണ്ടിയാണ് മെസി ഇന്ത്യയിലേക്ക് വന്നത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ പ്രധാന താരമായിരുന്ന ഡിഫൻഡർ നിക്കോളാസ് ഓട്ടമെൻഡി നേടിയ ഗോളിൽ അർജന്റീന വിജയം നേടി. ഒട്ടനവധി ആരാധകരാണ് അന്നു മെസിയെ കാണാൻ വേണ്ടിയെത്തിയത്. കഴിഞ്ഞ ദിവസം മെസി തന്റെ അനുഭവം വെളിപ്പെടുത്തുകയും ചെയ്‌തു.

“അതൊരു മനോഹരമായ അനുഭവമായി തന്നെയാണ് ഞാൻ ഓർക്കുന്നത്. ആദ്യത്തെ തവണയാണ് ഞങ്ങൾ ഇന്ത്യ സന്ദർശിച്ചത്. ആളുകൾ വളരെയധികം ഉന്മാദത്തോടെ മത്സരങ്ങൾക്കായി വരുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളെ അടുത്ത് കാണാനും ചിത്രങ്ങൾ എടുക്കാനും ഒരു ഓട്ടോഗ്രാഫ് നേടാനുമെല്ലാം അവർ ശ്രമിച്ചു. വളരെയധികം ആവേശം ഞങ്ങൾ കണ്ടു, ഒരുപാടൊരുപാട് ആവേശം ഞങ്ങളറിഞ്ഞു.” കഴിഞ്ഞ ദിവസം ബൈജൂസിനോട് സംസാരിക്കുമ്പോൾ മെസി പറഞ്ഞു.

ലയണൽ മെസി ഇന്ത്യയിലേക്ക് വരാൻ സാധ്യതയുണ്ടെന്നു തന്നെ വേണം പറയാൻ. ഇന്ത്യയിൽ ഫുട്ബോൾ വളർത്താനുള്ള പദ്ധതികൾക്ക് സഹായം നൽകാൻ തയ്യാറുള്ള ഫിഫ ഒരു സൗഹൃദമത്സരം ഇന്ത്യയിൽ വെച്ച് സംഘടിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതിനു പുറമെ ബൈജൂസുമായുള്ള ബന്ധവും ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നു. എന്തായാലും മെസി ഇന്ത്യയിൽ എത്തിയാൽ അത് ഫുട്ബോൾ ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുമെന്നതിൽ സംശയമില്ല.