അപൂർവബഹുമതി സ്വന്തമാക്കാൻ മെസിക്ക് ഒരേയൊരു കിരീടം കൂടി വേണം

ലയണൽ മെസി വളരെക്കാലമായി കാത്തിരുന്ന കിരീടനേട്ടമാണ് ഖത്തർ ലോകകപ്പിലൂടെ സ്വന്തമാക്കിയത്. ഇതോടെ ആരും എതിർപ്പുന്നയിക്കാത്ത തരത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ലയണൽ മെസി മാറി. നിരവധി വർഷങ്ങൾ നീണ്ട കരിയറിന്റെ അവസാനത്തെ സമയത്താണ് മെസി രാജ്യാന്തര ടീമിനൊപ്പം കിരീടങ്ങൾ സ്വന്തമാക്കുന്നത്. ഒന്നരവർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ മെസി അർജന്റീനക്കൊപ്പം നേടിയെടുത്തു. കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിവയാണ് ലയണൽ മെസി ഒന്നര വർഷത്തിനിടയിൽ അർജന്റീന ടീമിനൊപ്പം നേടിയ ട്രോഫികൾ.

ക്ലബ് തലത്തിൽ സാധ്യമായ നേട്ടങ്ങളെല്ലാം നേരത്തെ തന്നെ സ്വന്തമാക്കിയ താരമായി അറിയപ്പെടുന്ന ലയണൽ മെസിക്ക് ലോകകപ്പ് കിരീടത്തോടെ ഇനി നേടാൻ ഒന്നും ബാക്കിയില്ലെന്ന് കരുതാൻ കഴിയില്ല. ഇതുവരെ കളിച്ചിട്ടുള്ളതിൽ ഒരു ടൂർണമെന്റിൽ മാത്രം മെസിക്ക് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. പക്ഷെ ആ അപൂർവമായ നേട്ടം ഇത്തവണ സ്വന്തമാക്കാൻ മെസിക്ക് അവസരമുണ്ട്. കഴിഞ്ഞ സീസണിൽ പിഎസ്‌ജി പ്രീ ക്വാർട്ടറിൽ പുറത്തായ ഫ്രഞ്ച് കപ്പാണ് ലയണൽ മെസി പങ്കെടുക്കുകയും എന്നാൽ കിരീടം നേടാൻ കഴിയാതിരിക്കുകയും ചെയ്‌ത ഒരേയൊരു ടൂർണമെന്റ്. ഇത്തവണ കിരീടമുയർത്തിയാൽ മെസി മറ്റൊരു ചരിത്രം കൂടി സ്വന്തമാക്കും.

Messi Seeking One Trophy He Tried And Failed To Win

കഴിഞ്ഞ സീസണിൽ നീസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി വഴങ്ങിയാണ് പിഎസ്‌ജി ഫ്രഞ്ച് കപ്പിൽ നിന്നും പുറത്തു പോകുന്നത്. പിഎസ്‌ജിയെ കീഴടക്കിയ നീസ് ഫൈനലിൽ നാന്റസിനോടു തോൽക്കുകയും ചെയ്‌തു. പിഎസ്‌ജിയുടെ കഴിഞ്ഞ മത്സരം ഫ്രഞ്ച് കപ്പിലായിരുന്നു. മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ ഇല്ലാതെ തന്നെ അവരതിൽ വിജയം സ്വന്തമാക്കി. കഴിഞ്ഞ പന്ത്രണ്ടു വർഷത്തിന്റെ ഇടയിൽ എട്ടു തവണ ഫ്രഞ്ച് കപ്പിന്റെ ഫൈനലിൽ എത്തിയ ടീമാണ് പിഎസ്‌ജി എന്നതിനാൽ തന്നെ ഇത്തവണ കിരീടം സ്വന്തമാക്കാൻ മെസിക്ക് അവസരമുണ്ട്.

നിലവിൽ സീനിയർ ഫുട്ബോളിൽ പങ്കെടുത്ത പന്ത്രണ്ടു ടൂർണ്ണമെന്റുകളിൽ പതിനൊന്നെണ്ണത്തിലും മെസി കിരീടം നേടിയിട്ടുണ്ട്. 2008ലെ സമ്മർ ഒളിമ്പിക്‌സ് കൂടി ഉൾപ്പെടുത്തിയാൽ അത് പതിമൂന്നിൽ പന്ത്രണ്ടു കിരീടങ്ങളാകും. എന്നാൽ ഒളിമ്പിക്‌സ് ഒരു അണ്ടർ 23 ടൂർണമെന്റ് ആയാണ് നടത്തുകയെന്നതിനാൽ അത് സീനിയർ ടൂർണമെന്റായി കണക്കാക്കില്ല. ഇതിനു പുറമെ അണ്ടർ 20 താരങ്ങൾക്കായി നടത്തുന്ന ഫിഫയുടെ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ് 2005വിജയിക്കാനും മെസിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതും സീനിയർ ടൂർണമെന്റായി കണക്കാക്കില്ല.

അർജന്റീനക്കായി കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിവ നേടിയ ലയണൽ മെസി ക്ലബ് തലത്തിൽ ബാഴ്‌സലോണക്കായി ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽ റേ, യുവേഫ സൂപ്പർകപ്പ്, സ്‌പാനിഷ്‌ സൂപ്പർകപ്പ്, ക്ലബ് ലോകകപ്പ് എന്നിവയും പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് സൂപ്പർകപ്പ് എന്നിവയും നേടി. ഈ വർഷം മികച്ച ഫോമിൽ കളിക്കുന്ന പിഎസ്‌ജിക്കൊപ്പം അതുകൂടി നേടാൻ കഴിഞ്ഞാൽ മെസിയുടെ കരിയർ എല്ലാ അർത്ഥത്തിലും പൂർത്തിയാകും.