ക്ലബിലേക്കു തിരിച്ചുവരാതെ എംബാപ്പെ, ലോകകപ്പ് വിജയത്തിൽ മെസിയെ ആദരിക്കുമോ പിഎസ്‌ജി

ഖത്തർ ലോകകപ്പിനു ശേഷം ക്ലബിനായി ആദ്യത്തെ മത്സരത്തിനിറങ്ങാൻ ലയണൽ മെസി തയ്യാറെടുക്കുകയാണ്. പിഎസ്‌ജിയുടെ മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ആങ്കേഴ്‌സാണ് പിഎസ്‌ജിയുടെ എതിരാളികൾ. ലയണൽ മെസി ടീമിനൊപ്പം ചേരുന്നതിനു ശേഷം ഒരു ഫ്രഞ്ച് കപ്പ് മത്സരം നടന്നിരുന്നെങ്കിലും അതിൽ താരം പങ്കെടുത്തിരുന്നില്ല. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ താരം ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലയണൽ മെസി ക്ലബിനൊപ്പം കളത്തിലിറങ്ങാൻ തയ്യാറെടുക്കുമ്പോൾ താരത്തിന്റെ ലോകകപ്പ് വിജയത്തിൽ പാർക് ഡെസ് പ്രിൻസസിൽ പിഎസ്‌ജി ആദരവ് നൽകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ലെ പാരീസിയൻ റിപ്പോർട്ടു ചെയ്യുന്നതു പ്രകാരം ലയണൽ മെസിക്ക് ആദരവ് നൽകാൻ പിഎസ്‌ജിക്ക് പദ്ധതിയില്ല. ക്ലബ്ബിലേക്ക് തിരിച്ചു വന്നതിനു ശേഷം ട്രൈനിങ്ങിനെത്തിയ മെസിക്ക് ഗാർഡ് ഓഫ് ഹോണർ നൽകിയത് മതിയെന്നാണ് ക്ലബിന്റെ തീരുമാനം.

Does PSG Give Tribute To Lionel Messi In Parc Des Princes?

എന്നാൽ ഇന്നത്തെ മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും എംബാപ്പെ പുറത്തായത് മെസിക്ക് പിഎസ്‌ജി ആദരവ് നൽകാനുള്ള സാധ്യതയാണ് കാണിക്കുന്നത്. എംബാപ്പയും ഹക്കിമിയും നിലവിൽ അമേരിക്കയിലാണുള്ളത്. ഇവർ രണ്ടു പേരും വ്യാഴാഴ്‌ച രാവിലയെ പിഎസ്‌ജിയിലേക്ക് തിരിച്ചെത്തുകയുള്ളൂ. ലയണൽ മെസിക്ക് ആദരവ് നൽകുന്നതിൽ നിന്നും മാറി നിൽക്കുകയാണ് എംബാപ്പയുടെ ലക്ഷ്യമെന്ന തരത്തിലും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. ട്രെയിനിങ് ഗ്രൗണ്ടിൽ നൽകിയ ആദരവിലും താരം ഉണ്ടായിരുന്നില്ല.

ഖത്തർ ലോകകപ്പ് അർജന്റീന നേടിയത് ഫ്രാൻസിനെതിരെയുള്ള ഫൈനലിൽ വിജയം നേടിയാണ്. പിഎസ്‌ജി ഒരു ഫ്രഞ്ച് ക്ലബായതിനാൽ ലയണൽ മെസിക്ക് സ്വീകരണം നൽകിയാൽ അത് ആരാധകരോഷം ഉണ്ടാക്കുമോയെന്ന ഭയം നേതൃത്വത്തിനുണ്ട്. അതാണ് മെസിക്കുള്ള ആദരവ് ട്രെയിനിങ് മൈതാനത്ത് മാത്രമായി ചുരുക്കിയത്. എന്നാൽ എംബാപ്പെ ഇപ്പോഴും മാറി നിൽക്കുന്നതിനാൽ മെസിക്ക് സ്വീകരണം നൽകാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല.

അതേസമയം ലയണൽ മെസി പിഎസ്‌ജിയോട് സ്വീകരണം നൽകണമെന്ന് ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല. പരിശീലകൻ ഗാൾട്ടിയാർ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വീകരണം ലഭിച്ചാലും ഇല്ലെങ്കിലും താരം കളിക്കളത്തിൽ ഇറങ്ങുന്നതിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ലോകകപ്പിനു ശേഷം മെസിയുടെ കളി ആസ്വദിക്കാൻ വേണ്ടി ഓരോ ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്നു.