സ്‌കലോണിക്ക് സംഭവിച്ചത് വലിയ പിഴവ്, ഇറ്റലി റാഞ്ചിയ അർജന്റീന താരത്തിന് രണ്ടു മത്സരത്തിലും ഗോൾ

അന്താരാഷ്‌ട്രസൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇറ്റാലിയൻ ടീമിൽ ഒരു അർജന്റീന താരം ഉൾപ്പെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു. അർജന്റീനിയൻ ക്ലബായ ടൈഗ്രയിൽ കളിക്കുന്ന ഇരുപത്തിമൂന്നു വയസുള്ള മാറ്റിയോ റെറ്റെഗുയ് ആണ് ഇറ്റലിയുടെ വിളി സ്വീകരിച്ചത്. അമ്മ വഴി ഇറ്റലിയിൽ വേരുകൾ ഉള്ളതാണ് താരത്തിന് ഇറ്റാലിയൻ പൗരത്വം ലഭിക്കാനും ദേശീയ ടീമിന് വേണ്ടി കളിക്കാനും അവസരം നൽകിയത്.

അർജന്റീന യൂത്ത് ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണെങ്കിലും അർജന്റീന സീനിയർ ടീമിൽ അവസരം ലഭിക്കാത്തതിനാൽ ഇറ്റലിയിൽ കളിക്കാനുള്ള ഓഫർ സ്വീകരിക്കുകയായിരുന്നു റെറ്റെഗുയ്. എന്തായാലും തനിക്ക് ലഭിച്ച അവസരം താരം കൃത്യമായി മുതലെടുത്തു. ഇംഗ്ലണ്ടിനെതിരെയും മാൾട്ടക്കെതിരെയും നടന്ന മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടം നേടിയ താരം രണ്ടു മത്സരങ്ങളിലും ഗോൾ നേടി ക്ലബിലെ തന്റെ മിന്നുന്ന ഫോം ഇറ്റലിക്കായും കാഴ്‌ച വെച്ചു.

ഇറ്റാലിയൻ പരിശീലകനായ റോബർട്ടോ മാൻസിനിയും വലിയ അഭിപ്രായമാണ് റെറ്റെഗുയെ കുറിച്ച് നടത്തിയത്. എങ്ങിനെ പന്ത് വലയിൽ എത്തിക്കണമെന്നത് താരത്തിന് നന്നായി അറിയാമെന്നും അതുകൊണ്ടാണ് സ്‌കൗട്ട് ചെയ്‌ത്‌ ടീമിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സമയം നൽകിയാൽ ഇനിയും മികച്ച പ്രകടനം താരം നടത്തുമെന്ന് പറഞ്ഞ മാൻസിനി യൂറോപ്പിലേക്ക് താരം വരേണ്ടത് ആവശ്യമാണെന്നും വെളിപ്പെടുത്തി.

അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി റെറ്റെഗുയിയുടെ ഫോമിനെ അവഗണിച്ചാണ് താരം ഇറ്റലിയെ തിരഞ്ഞെടുക്കാൻ കാരണം. മികച്ച സ്‌ട്രൈക്കർമാർ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഇറ്റലിക്ക് താരത്തിന്റെ സാന്നിധ്യം വലിയൊരു നേട്ടമാണ്. താരം നടത്തിയ മികച്ച പ്രകടനം ഇനിയും ഇതുപോലെ ഇറ്റാലിയൻ പൗരത്വമുള്ള മികച്ച താരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കാൻ ആത്മവിശ്വാസം നൽകും. ഇത്തരത്തിൽ പുതിയ താരങ്ങളെ കണ്ടെത്തുമെന്നു മാൻസിനി പറയുകയും ചെയ്‌തു.