ഇങ്ങനെയാണെങ്കിൽ തിരിച്ചു പോകാതിരിക്കയാണ് മെസിക്കും ബാഴ്‌സലോണക്കും നല്ലത്, മൂന്നു നിബന്ധനകൾ വെച്ച് കാറ്റലൻ ക്ലബ്

ലയണൽ മെസിയുടെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ശക്തമായി ഉയരുന്ന സമയമാണിപ്പോൾ. പിഎസ്‌ജി കരാർ പുതുക്കാൻ മടിച്ചു നിൽക്കുന്ന താരം ഈ സീസണിൽ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. അതിനിടയിൽ മെസിയുടെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് താരം തിരിച്ചു പോകുമെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ യാതൊരു തരത്തിലുള്ള വ്യക്തതയും ആരും നൽകിയിട്ടില്ല.

അതിനിടയിൽ മെസിക്ക് തിരിച്ചുവരാൻ ബാഴ്‌സലോണ മൂന്നു നിബന്ധനകൾ മുന്നോട്ടു വെച്ചുവെന്നാണ് മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ട് ചെയ്യുന്നത്. മെസിക്ക് വേണ്ടിയുള്ള നീക്കങ്ങൾ ബാഴ്‌സലോണ ഇപ്പോഴും ആരംഭിച്ചിട്ടില്ല. ഇത് തുടങ്ങണമെങ്കിൽ തനിക്ക് ബാഴ്‌സയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം മെസി തന്നെ അറിയിക്കണം. ഇതുവരെ അങ്ങിനെയൊരു നീക്കം മെസിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതുണ്ടായാൽ മാത്രമേ ബാഴ്‌സലോണ മെസിക്കായി ശ്രമങ്ങൾ തുടങ്ങൂ.

മറ്റൊന്ന് മുൻപുണ്ടായിരുന്ന സ്വാതന്ത്ര്യം മെസിക്ക് ബാഴ്‌സലോണയിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ്. ടീമിന്റെ ശൈലിക്ക് അനുസൃതമായി മെസി മാറേണ്ടത് അനിവാര്യമാണ്. അതിനു പുറമെ ടീമിലെ പുതിയ നേതൃത്വമായി ഉയർന്നു വരുന്ന താരങ്ങളെ മെസി ബഹുമാനിക്കുകയും വേണം. റോബർട്ട് ലെവൻഡോസ്‌കി, റൊണാൾഡ്‌ അരഹോ, മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ, സെർജിയോ ബുസ്‌ക്വറ്റ്സ് എന്നിവരാണ് ടീമിന്റെ നേതൃനിരയിൽ ഇപ്പോഴുള്ളത്.

ഇതിനു പുറമെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മെസി തന്റെ പ്രതിഫലം കുറക്കേണ്ടി വരുമെന്നതാണ്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബാഴ്‌സലോണ ഇപ്പോൾ തന്നെ വലിയ പ്രശ്‌നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. എങ്ങിനെയെങ്കിലും മെസിയെ സ്വന്തമാക്കി അത് വർധിപ്പിക്കാൻ അവർ തയ്യാറാവില്ല. അതുകൊണ്ടു തന്നെ ക്ലബ് മുന്നോട്ടു വെക്കുന്ന പ്രതിഫലവ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ട് മാത്രമേ ലയണൽ മെസിക്ക് ടീമിലെത്താൻ കഴിയൂ.

എന്നാൽ ലയണൽ മെസി ഇതെല്ലാം അംഗീകരിക്കുമോയെന്ന കണ്ടറിയണം. പിഎസ്‌ജി ടീമിൽ താരം ഇപ്പോൾ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം പഴയതു പോലെ സ്വന്തന്ത്ര്യം ഇല്ലെന്നതാണ്. അതേ സാഹചര്യമാണ് ബാഴ്‌സയിലും നേരിടുന്നതെങ്കിൽ മെസി ചിലപ്പോൾ മാറി ചിന്തിച്ചേക്കും. എന്തായാലും ബാഴ്‌സലോണ താരങ്ങൾ മെസിയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്നുണ്ടെന്നതിൽ യാതൊരു സംശയവുമില്ല.