അർജന്റീന ടീമിലെ പ്രശ്‌നങ്ങൾ പുതിയ തലത്തിലേക്ക്, രാജി വെക്കുമെന്ന തീരുമാനത്തിൽ സ്‌കലോണി; പ്രശ്‌നം പരിഹരിക്കാൻ പുതിയ നീക്കങ്ങൾ | Argentina

ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന വിജയം നേടി ആരാധകർക്ക് വലിയ ആവേശം നൽകിയെങ്കിലും അതിനു പിന്നാലെ പുറത്തു വന്ന വാർത്തകൾ അത്ര സുഖകരമായിരുന്നില്ല. മത്സരത്തിനു പിന്നാലെ പരിശീലകനായ ലയണൽ സ്‌കലോണി അർജന്റീന ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയാണെന്ന സൂചനയാണ് നൽകിയത്. ടീമിലെ കോച്ചിങ് സ്റ്റാഫുകൾക്കൊപ്പം ചിത്രമെടുത്ത് അദ്ദേഹം അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

സ്‌കലോണിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ചിക്വി ടാപ്പിയയും തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും അതുകൊണ്ടാണ് പരിശീലകൻ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. സ്‌കലോണിയെ ടാപ്പിയ ബന്ധപ്പെട്ടുവെന്നും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നും പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഇപ്പോഴും അർജന്റീന ടീമിന്റെ കോച്ചിങ് സ്റ്റാഫുകൾ ഇടഞ്ഞു തന്നെ നിൽക്കുകയാണെന്നാണ് സൂചനകൾ.

അർജന്റീന ഖത്തർ ലോകകപ്പിൽ വിജയം നേടിയതിന്റെ ഭാഗമായി നൽകേണ്ടിയിരുന്ന ബോണസ് തുക ഒരു വർഷം ആവാറായിട്ടും നൽകാത്തതിനെ തുടർന്നാണ് കോച്ചിങ് സ്റ്റാഫുകൾ ഇടഞ്ഞു നിൽക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ഇതിനെത്തുടർന്ന് അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ നറുക്കെടുപ്പിനു പോകുന്നതിൽ നിന്നും സ്‌കലോണി പിൻവാങ്ങാൻ തീരുമാനിച്ചുവെന്നും അർജന്റീനയിൽ തുടരുന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എന്തായാലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ടാപ്പിയ പുതിയൊരു നിർദ്ദേശം മുന്നോട്ടു വെച്ചുവെന്നാണ് അവസാനം പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന്റെ പൂർണമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോച്ചിങ് സ്റ്റാഫുകൾ യോഗം ചേർന്നിട്ടുണ്ടെന്നും അതിൽ അവരുടെ ഭാവിയെക്കുറിച്ച് എന്തു തീരുമാനമെടുക്കണമെന്ന കാര്യവും ചർച്ച ചെയ്‌തിട്ടുണ്ടെന്നാണ് നിലവിൽ ലഭ്യമായ സൂചനകൾ.

2018 ലോകകപ്പിലെ പുറത്താകലിനു ശേഷം പടിപടിയായി അർജന്റീന ടീമിനെ കെട്ടുറപ്പുള്ള ഒരു സംഘമാക്കി മാറ്റിയവരാണ് ഇപ്പോഴത്തെ കോച്ചിങ് സ്റ്റാഫുകൾ. അവർ സ്ഥാനമൊഴിഞ്ഞു പോവുകയാണെങ്കിൽ അർജന്റീന ടീമിന്റെ അടിത്തറ തന്നെ ഇളകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ അർജന്റീന ഈ പ്രശ്‌നങ്ങൾ പരിഹരിച്ച് ശരിയായ ദിശയിലേക്ക് ടീമിനെ കൊണ്ടുപോകും എന്നാണു ഏവരും കരുതുന്നത്.

Argentina Coaching Staffs Held Meeting On Tapia Proposal