ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ് താരം ചെയ്യേണ്ടത്, പരിശീലകൻ സ്റ്റിമാച്ചിന്റെ വാക്കുകൾ | Stimac

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഓരോ സീസണും കൂടുതൽ മെച്ചപ്പെട്ടു വരികയാണ്. ഇന്ത്യൻ താരങ്ങളുടെ പ്രകടനം കൂടുതൽ നന്നാവാനും ലീഗ് കാരണമായിട്ടുണ്ട്. ഓരോ സീസണിലും മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങൾ ഉയർന്നു വരാറുണ്ടെങ്കിലും അവരിൽ പലരും ഇന്ത്യൻ ടീമിൽ ഇടം പിടിക്കാറില്ല. മികച്ച പ്രകടനം നടത്തുമ്പോഴും ഇന്ത്യൻ ടീമിലേക്ക് വിളി വരാതിരിക്കുമ്പോൾ എന്താണ് അതിന്റെ കാരണമെന്ന ചോദ്യം പലപ്പോഴും പരിശീലകനായ സ്റ്റിമാച്ച് നേരിടാറുമുണ്ട്.

ഈ സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഒരു താരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരമായ പ്രീതം കോട്ടാൽ. കഴിഞ്ഞ സാഫ് കപ്പിൽ ലെബനനെതിരെയാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി അവസാനം കളിക്കാനിറങ്ങുന്നത്. ഖത്തറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം പ്രീതം കോട്ടാലിന്റെ ഇന്ത്യൻ ടീമിലെ ഭാവിയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സ്റ്റിമാച്ച് മറുപടി പറയുകയുണ്ടായി.

സഹലിനെ മോഹൻ ബഗാനു നൽകി കൈമാറ്റക്കാരാറിൽ സ്വന്തമാക്കിയ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ സെന്റർ ബാക്ക് പൊസിഷനിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ സെന്റർ ബാക്ക് പൊസിഷനല്ല, മറിച്ച് റൈറ്റ് ബാക്ക് പൊസിഷനാണ് താരത്തിന്റേത്. ആ പൊസിഷനിലേക്ക് മാത്രമേ പ്രീതം കോട്ടാലിനെ പരിഗണിക്കാൻ കഴിയൂവെന്നാണ് ഇന്ത്യൻ പരിശീലകൻ പറയുന്നത്. അതിനു താരം കൂടുതൽ മെച്ചപ്പെടണമെന്നും അദ്ദേഹം പറയുന്നു.

“റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് നിഖിൽ ആണു ഞങ്ങളുടെ ആദ്യത്തെ ചോയ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും അണ്ടർറേറ്റഡ് പ്ലെയറാണ് അവനെന്നു ഞാൻ പറയും. കോട്ടാൽ ആ പൊസിഷനിലേക്ക് മത്സരിക്കുന്ന ഒരു താരം തന്നെയാണ്, എന്നാൽ കൂടുതൽ ചെയ്യേണ്ടതുണ്ട്. നിലവിൽ കോട്ടാൽ തന്റെ ക്ലബിന് വേണ്ടി സെന്റർ ബാക്ക് പൊസിഷനിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ദേശീയ ടീമിൽ ഞങ്ങൾ സെന്റർ ബാക്ക് പൊസിഷനിൽ താരത്തെ പരിഗണിക്കുന്നില്ല.” സ്റ്റിമാച്ച് പറഞ്ഞു.

മുപ്പതുകാരനായ പ്രീതം കോട്ടാലിന് ഇന്ത്യൻ ടീമിൽ ഇനി അവസരങ്ങൾ ലഭിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ താരത്തെ പൊസിഷൻ മാറ്റി കളിപ്പിക്കേണ്ടി വരുമെന്ന കൃത്യമായ സൂചനയാണ് സ്റ്റിമാച്ച് നൽകിയിരിക്കുന്നത്. എന്നാൽ പ്രബീർ ദാസ്, സന്ദീപ് സിങ് എന്നിവരെല്ലാം മികച്ച പ്രകടനം നടത്തുന്ന ആ പൊസിഷനിലേക്ക് പ്രീതത്തെ ഇവാൻ പരിഗണിക്കാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ മുപ്പതുകാരനായ താരത്തിന്റെ സാധ്യതകൾ കുറഞ്ഞിരിക്കുകയാണ്.

Stimac About Pritam Kotal In National Team