നിങ്ങൾ ഭീരുക്കളാണെന്ന് മെസിയോട് ബ്രസീലിയൻ യുവതാരം, വായടപ്പൻ മറുപടി നൽകി അർജന്റീന നായകൻ | Messi

ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനു മുൻപ് വമ്പൻ സംഭവങ്ങളാണ് അരങ്ങേറിയത്. മത്സരത്തിനെത്തിയ അർജന്റീന ആരാധകരെ ബ്രസീലിലെ പോലീസ് തല്ലിയതിനെ തുടർന്ന് അർജന്റീന ടീം മൈതാനത്ത് നിന്നും ആദ്യം ഗ്യാലറിയിലേക്ക് പോയിരുന്നു. അതിനു ശേഷം ഡ്രസിങ് റൂമിലേക്ക് പോയ താരങ്ങൾ ആദ്യം മത്സരത്തിൽ നിന്നും പിന്മാറാനാണ് ആലോചിച്ചത്. എന്നാൽ അതിനു ശേഷം അവർ തിരിച്ചു വന്നതോടെ അര മണിക്കൂർ വൈകി മത്സരം ആരംഭിക്കുകയായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലാകാതിരുന്നതിനാൽ അർജന്റീന ആരാധകരെ ശാന്തരാക്കാൻ വേണ്ടിയാണു അർജന്റീന ടീം ഗ്യാലറിയിലേക്ക് പോയത്. എന്നാൽ കാരണമില്ലാതെ ബ്രസീൽ പോലീസ് അതിക്രമം കാണിക്കുകയായിരുന്നു എന്നറിഞ്ഞതോടെ അർജന്റീന താരങ്ങൾ പ്രതിഷേധമെന്ന രീതിയിൽ മൈതാനം വിടുകയും മത്സരം ഉപേക്ഷിക്കാനുള്ള ആലോചന നടത്തുകയും ചെയ്‌തു. മത്സരം മുടങ്ങുമെന്ന ഘട്ടം വന്നതോടെയാണ് രംഗം കൂടുതൽ ശാന്തമായതെന്നതിൽ സംശയമില്ല.

മെസിയും അർജന്റീന ടീമും മൈതാനത്തേക്ക് തിരിച്ചു വന്നപ്പോൾ ബ്രസീലിയൻ യുവതാരമായ റോഡ്രിഗോ പറഞ്ഞ വാക്കുകളും മെസി അതിനു നൽകിയ മറുപടിയും ഇപ്പോൾ വൈറലാണ്. ഡ്രസിങ് റൂമിലേക്ക് മടങ്ങിയ അർജന്റീന ടീമിനെ ഭീരുക്കളെന്നാണ് റോഡ്രിഗോ വിശേഷിപ്പിച്ചത്. മെസിയുടെ മുഖത്തു നോക്കി താരം അത് പറഞ്ഞപ്പോൾ “ഞങ്ങൾ ലോകചാമ്പ്യന്മാരാണ്, എന്തിനാണ് ഞങ്ങൾ ഭീരുക്കളാകുന്നത്? സൂക്ഷിച്ചു സംസാരിക്കുക” എന്ന് മെസി മറുപടിയും നൽകി.

യുറുഗ്വായ്‌ക്കെതിരായ മത്സരത്തിൽ യുറുഗ്വായ് താരം ഉഗാർദെ മെസിയെയും ഡി പോളിനെയും അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. അതിനു ശേഷം മെസി പറഞ്ഞത് ഈ യുവതാരങ്ങൾ ടീമിലെ മുതിർന്ന താരങ്ങളിൽ നിന്നും ബഹുമാനവും ആദരവും മനസിലാക്കാൻ ശ്രമിക്കണമെന്നാണ്. മെസിയുടെ വാക്കുകൾ ശരിയാണെന്ന് റോഡ്രിഗോയുടെ പെരുമാറ്റം തെളിയിച്ചു. എന്താണ് അർജന്റീന താരങ്ങൾ ചെയ്‌തതെന്ന്‌ മനസിലാക്കാൻ പോലും തയ്യാറാകാതെയാണ് റോഡ്രിഗോ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്.

ആരാധകരും കളിക്കാരും അർജന്റീന ടീമിനെ പ്രകോപിപ്പിച്ചതിനു കളിക്കളത്തിൽ അർജന്റീന മറുപടിയും നൽകി. ചരിത്രമുറങ്ങി കിടക്കുന്ന ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം അർജന്റീന സ്വന്തമാക്കി. വിജയത്തോടെ അർജന്റീന ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ബ്രസീൽ തോൽവിയോടെ ആറാം സ്ഥാനത്താണ്. തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബ്രസീൽ തോൽവി വഴങ്ങുന്നത്.

Messi Confronts With Rodrygo After He Called Them Cowards