“ദി ലാസ്റ്റ് ഡാൻസ്”- മെസിയും റൊണാൾഡോയും സൗദി അറേബ്യയിൽ ഏറ്റുമുട്ടും | Messi Ronaldo

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച രണ്ടു താരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. മറ്റു താരങ്ങൾക്ക് യാതൊരു സാധ്യതയും നൽകാതെ ഒന്നര പതിറ്റാണ്ടിലധികം ഫുട്ബോൾ ലോകത്തിന്റെ നിറുകയിൽ നിൽക്കാൻ അവർക്ക് കഴിഞ്ഞു. ലയണൽ മെസിയും റൊണാൾഡോയും നേർക്കുനേർ വരുന്ന പോരാട്ടങ്ങൾ വലിയ ആവേശമാണ് ഫുട്ബോൾ ലോകത്ത് സൃഷ്‌ടിച്ചിട്ടുള്ളത്. ഇരുവരും ഒരുപാട് പുരസ്‌കാരങ്ങളും സ്വന്തമാക്കി.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്കും ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കും ചേക്കേറിയതോടെ ഇവർ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടാനുള്ള സാധ്യത ഇല്ലാതായെന്ന നിരാശയിൽ ആയിരുന്നു ആരാധകർ. കഴിഞ്ഞ സീസണിനിടെ പിഎസ്‌ജി സൗദി അറേബ്യയിൽ സൗഹൃദ മത്സരം കാലിച്ചപ്പോഴാണ് ഇരുവരും അവസാനം നേർക്കുനേർ വന്നത്. എന്നാലിപ്പോൾ മറ്റൊരു കിരീടത്തിനായി രണ്ടു താരങ്ങളും നേർക്കുനേർ വരാൻ പോവുകയാണ്.

2024 ഫെബ്രുവരിയിൽ റിയാദിൽ വെച്ചു നടക്കുന്ന റിയാദ് സീസൺ കപ്പിലാണ് റൊണാൾഡോയും മെസിയും തമ്മിൽ പരസ്‌പരം ഏറ്റുമുട്ടുന്നത്. ദി ലാസ്റ്റ് ഡാൻസ് എന്നു പേരിട്ടിരിക്കുന്ന ഈ പോരാട്ടത്തിൽ മെസിയുടെ ഇന്റർ മിയാമിയും റൊണാൾഡോയുടെ അൽ നസ്‌റും കൂടാതെ നെയ്‌മറുടെ ക്ലബായ അൽ ഹിലാലുമുണ്ട്. മൂന്നു ടീമുകളും പരസ്‌പരം ഏറ്റുമുട്ടുകയും ഏറ്റവുമധികം പോയിന്റ് നേടുന്ന ടീം കിരീടം സ്വന്തമാക്കുകയും ചെയ്യുമെന്ന രീതിയിലാണ് ഇതിന്റെ ഫോർമാറ്റ്.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. എന്നാൽ അതിനു പിന്നാലെ തന്നെ ഇന്റർ മിയാമി ഈ വാർത്തകൾ നിഷേധിച്ച് രംഗത്തു വന്നതോടെ ഇതിൽ അനിശ്ചിതത്വം ഉണ്ടായി. എന്നാൽ ഇപ്പോൾ ആ പ്രസ്‌താവന ഇന്റർ മിയാമിയുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്‌തിട്ടുണ്ട്‌. ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമെന്നും റൊണാൾഡോയും മെസിയും വീണ്ടുമൊരിക്കൽ കൂടി നേർക്കുനേർ വരുമെന്നും ഇതിൽ നിന്നും വ്യക്തമാണ്.

അതേസമയം ഈ മത്സരത്തിൽ അൽ ഹിലാൽ കളിക്കുമെങ്കിലും നെയ്‌മർ ഇറങ്ങാനുള്ള സാധ്യതയില്ല. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ പരിക്കേറ്റ താരത്തിന് ഈ സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും എന്നതിനാലാണ് വമ്പൻ താരങ്ങൾക്കൊപ്പം ഇറങ്ങാനുള്ള അവസരം നഷ്‌ടമായത്‌. എന്തായാലും മെസിയും റൊണാൾഡോയും തമ്മിൽ ഏറ്റുമുട്ടുന്നത് ആരാധകർക്ക് വലിയൊരു ആവേശം തന്നെയാണ് നൽകുക. മത്സരം സൗദിയിലായതിനാൽ നിരവധി മലയാളികൾക്ക് അത് കാണാനും അവസരമുണ്ട്.

Messi Ronaldo To Battle In Riyadh On February 2024