ഞങ്ങളുടെ ആരാധകരെ തൊട്ടാൽ വിവരമറിയും, ബ്രസീലിയൻ പോലീസിനെ കേറിയടിച്ച് എമിലിയാനോ മാർട്ടിനസ് | Argentina

ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനു മുൻപുണ്ടായ സംഭവങ്ങളാണ് ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ദേശീയഗാനത്തിനായി ടീമുകൾ ഒരുമിച്ചു നിന്നപ്പോഴാണ് ഗ്യാലറിയിൽ സംഘർഷം തുടങ്ങിയത്. മത്സരത്തിനായി എത്തിയ അർജന്റീന ആരാധകരെ യാതൊരു പ്രകോപനവും കൂടാതെ ബ്രസീലിയൻ പോലീസ് ആക്രമിച്ചതാണ് പ്രശ്‌നങ്ങൾക്കു തുടക്കമിട്ടത്.

തങ്ങളുടെ ആരാധാകരെ ബ്രസീലിയൻ പോലീസ് ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ അർജന്റീനടീമിലെ താരങ്ങൾ കളിക്കളത്തിൽ നിന്നും ഗ്യാലറിയിലേക്ക് കയറുന്ന കാഴ്‌ചയാണ്‌ കണ്ടത്. മൈതാനത്ത് ഉണ്ടായിരുന്ന താരങ്ങളും ബെഞ്ചിലുണ്ടായിരുന്നവരെല്ലാം ഗ്യാലറിയിലേക്ക് കയറി രംഗം ശാന്തമാക്കാനുള്ള ശ്രമം നടത്തി. കാരണമില്ലാതെയാണ് ബ്രസീലിയൻ പോലീസ് അടിച്ചതെന്ന് അറിഞ്ഞപ്പോൾ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങി. അതിനെത്തുടർന്ന് അര മണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്.

അതിനിടയിൽ അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ചെയ്‌ത കാര്യം എല്ലാ ആരാധകർക്കും ആവേശമുണ്ടാക്കുന്ന ഒന്നായിരുന്നു. അർജന്റീന ആരാധകരെ ബ്രസീലിയൻ പോലീസ് ആക്രമിക്കുന്നത് കണ്ടപ്പോൾ ഉടനെ തന്നെ ഗ്യാലറിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച എമിലിയാനോ പോലീസിനെ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തന്റെ ടീമിന്റെ ആരാധകനെ തൊടാൻ സമ്മതിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ താരം ചെയ്‌ത കാര്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മത്സരത്തിന് ശേഷം രൂക്ഷമായ വിമർശനമാണ് ലയണൽ മെസി നടത്തിയത്. ബ്രസീലിൽ അർജന്റീന ആരാധകർ വേട്ടയാടുന്നത് തുടർച്ചയായി നടക്കുകയാണെന്നും അതിനു അവസാനമുണ്ടാകണമെന്നും മെസി പറഞ്ഞു. കോപ്പ ലിബർട്ടഡോസ് ഫൈനലിന് മുൻപ് അർജന്റീന ആരാധകർ ബ്രസീലിൽ ആക്രമിക്കപ്പെട്ട കാര്യമാണ് മെസി ചൂണ്ടിക്കാട്ടിയത്. ഡ്രസിങ് റൂമിലേക്ക് തിരിച്ചു പോയത് രംഗം ശാന്തമാക്കാൻ വേണ്ടിയാണെന്നും അത് സംഭവിച്ചുവെന്നും താരം പറഞ്ഞു.

ബ്രസീലിയൻ പോലീസിന്റെ സമീപനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഈ സംഭവങ്ങൾക്കു ശേഷം ഉണ്ടായത്. എന്തായാലും മത്സരത്തിൽ വിജയം നേടി പകരം വീട്ടാൻ അർജന്റീനക്ക് കഴിഞ്ഞു. മത്സരം വിജയിച്ചതിനു ശേഷം സ്വന്തം ആരാധകർക്കൊപ്പം ബ്രസീൽ പോലീസിന്റെ മുന്നിൽ പോയി ആഘോഷിക്കാനും അർജന്റീനക്കായി. വേറെ ലെവൽ പ്രതികാരമാണ് അർജന്റീന ബ്രസീലിന്റെ മണ്ണിൽ നടത്തിയതെന്ന കാര്യത്തിൽ സംശയമില്ല.

Argentina Players Shown Guts To Enter The Stands