അർജന്റീന അടുത്ത മാസം തന്നെ ഇന്ത്യയിൽ കളിക്കാൻ സാധ്യത, അർജന്റീന വേദിയായി പരിഗണിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും | Argentina

ഖത്തർ ലോകകപ്പിൽ കേരളത്തിലെയും ഇന്ത്യയിലെയും ആരാധകർ അർജന്റീന ടീമിന് നൽകിയ പിന്തുണ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകകപ്പിൽ അർജന്റീന വിജയം നേടിയതിനു ശേഷം ഇന്ത്യയിലെയും കേരളത്തിലെയും ആരാധകർക്ക് നന്ദി പറയുകയും ചെയ്‌തു. ഇന്ത്യയിലേക്ക് കളിക്കാൻ വരാനുള്ള സന്നദ്ധതയും അർജന്റീന ടീം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ അർജന്റീന ടീമിനെ ഇന്ത്യയിലെത്തിക്കാൻ വലിയ പണച്ചിലവുള്ളതിനാൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അതു വേണ്ടെന്നു വെച്ചു. ഇന്ത്യയിലെ ഫുട്ബോൾ ആരാധകരിൽ വലിയ പ്രതിഷേധമുയർത്തിയ സംഭവമായിരുന്നു അത്. എന്നാൽ അർജന്റീന ടീം അടുത്ത മാസം തന്നെ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതകൾ ഇപ്പോൾ തുറന്നു കിടക്കുന്നുണ്ട്.

മാർച്ചിൽ അർജന്റീന നൈജീരിയ, ഐവറി കോസ്റ്റ് എന്നീ ടീമുകൾക്കെതിരെ സൗഹൃദമത്സരം കളിക്കുന്നുണ്ട്. ചൈനയിൽ വെച്ചാണ് മത്സരം തീരുമാനിച്ചിരുന്നത്. എന്നാൽ ഈ മത്സരങ്ങൾ ചൈനയിൽ വെച്ച് നടക്കാനുള്ള സാധ്യത കുറവാണ്. ഇന്റർ മിയാമിക്കൊപ്പം ചൈനയിലെത്തിയ മെസി കളിക്കാനിറങ്ങാതെ ജപ്പാനിൽ നടന്ന മത്സരത്തിൽ ഇറങ്ങിയതിനാലാണ് ചൈന മത്സരം റദ്ദാക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.

ഒരു മത്സരം റദ്ദാക്കിയതായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ മത്സരവും റദ്ദാക്കാനുള്ള സാധ്യതയുള്ളതിനാൽ പകരം രാജ്യങ്ങളെ അർജന്റീന തേടുന്നുണ്ട്. ഏഷ്യയിലെ തന്നെ രാജ്യങ്ങൾക്കാണ് അർജന്റീന കൂടുതൽ പരിഗണന നൽകുന്നത്. അമേരിക്കയെ ഒരു വേദിയായി പരിഗണിക്കുന്ന അർജന്റീന അതിനു പുറമെ ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളെയും പരിഗണിക്കുന്നു.

അർജന്റീനക്ക് ഇന്ത്യയിലേക്ക് വരാൻ താൽപര്യമുണ്ടെങ്കിലും ഇന്ത്യയിലെ ഫുട്ബോൾ മേധാവികൾ അതിനു സമ്മതം മൂളുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അർജന്റീനയെ കൊണ്ടുവരാനുള്ള ഭാരിച്ച ചെലവ് തന്നെയാണ് അതിനു കാരണം. അതിനു പുറമെ മാർച്ചിൽ ഇന്ത്യ രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾ സ്വന്തം നാട്ടിൽ കളിക്കുന്നതും അർജന്റീനയുടെ വരവിനുള്ള സാധ്യതകൾ ചുരുക്കുന്നു.

Argentina Consider India As Venue For March Friendly