മെസിയുടെ ഭാരം കുറക്കാൻ ഡി മരിയയെ അർജന്റീന ആശ്രയിക്കണം, ഇക്വഡോറിനെതിരായ മത്സരം നൽകുന്ന പാഠമെന്താണ്

ഇക്വഡോറിനെതിരായ മത്സരം അർജന്റീന ആരാധകരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുന്ന ഒന്നായിരുന്നു. ഇതാണ് കളിയെങ്കിൽ ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കല്പിച്ചിരുന്നു ടീമായ അർജന്റീന ഒന്നും നേടില്ലെന്നുറപ്പാണ്. മത്സരത്തിന് ശേഷം പരിശീലകൻ ലയണൽ സ്‌കലോണി പറഞ്ഞതും ആസ്വദിക്കാൻ യാതൊന്നും ഈ മത്സരം നൽകിയില്ലെന്നതാണ്.

ലയണൽ മെസിയുടെ ഫോമില്ലായ്‌മ അർജന്റീനയെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ്. ടൂർണമെന്റിൽ ഇതുവരെ ഒരു അസിസ്റ്റ് മാത്രമാണ് മെസി നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ നിർണായകമായ പെനാൽറ്റി പാഴാക്കിയ താരം ടൂർണമെന്റിൽ ഇതുവരെ രണ്ടു വമ്പൻ അവസരങ്ങൾ തുലച്ചു. ലോകകപ്പിൽ കളിച്ച മെസിയുടെ നിഴൽ മാത്രമാണ് കോപ്പ അമേരിക്കയിൽ കാണുന്നത്.

പരിക്കിന്റെ ലക്ഷണങ്ങൾ മെസിയെ വിടാതെ പിന്തുടരുന്നുണ്ട്. ആ ഭയം ഉള്ളിലുള്ളതു പോലെയാണ് താരത്തെ കളിക്കളത്തിലും കാണുന്നത്. ഒരു ടൂർണമെന്റിലെ നോക്ക്ഔട്ട് മത്സരത്തിന്റെ തീവ്രതയിൽ കളിക്കുന്നതിൽ നിന്നും മെസിയെ പിൻവലിപ്പിക്കുന്നത് ഈ ഭയമാണെന്നാണ് കരുതേണ്ടത്. ഇക്വഡോറിനെതിരെ അത് കൂടുതൽ വ്യക്തമായിരുന്നു.

കളിക്കളത്തിലുള്ള ലയണൽ മെസി എപ്പോൾ വേണമെങ്കിലും അപകടകാരിയായി മാറാമെങ്കിലും താരം മോശം പ്രകടനം നടത്തുമ്പോൾ പിൻവലിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ഇക്വഡോറിനെതിരെ ലയണൽ മെസിയെ തൊണ്ണൂറ് മിനുട്ടും കളിപ്പിക്കാതെ ഡി മരിയെ ആദ്യ ഇലവനിൽ ഇറക്കി മെസിയെ പിന്നീട് പരീക്ഷിക്കുകയോ അല്ലെങ്കിൽ ഡി മരിയയെ പകരക്കാരനായി ഇറക്കുകയോ വേണമായിരുന്നു.

മെസിയെ അപേക്ഷിച്ച് ഈ കോപ്പ അമേരിക്കയിൽ കളത്തിലിറങ്ങുമ്പോൾ കൂടുതൽ അപകടം ഡി മരിയ സൃഷ്‌ടിക്കുന്നുണ്ട്. ഇക്വഡോറിനെപ്പോലെ പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ച ഒരു ടീമിനെതിരെ താരത്തിന്റെ വേഗതയും ചടുലതയുമേറിയ നീക്കങ്ങൾ കൂടുതൽ അപകടം ഉണ്ടാക്കിയേനെ. എന്നാൽ ഒരു മിനുട്ട് പോലും ഡി മരിയയെ പരീക്ഷിക്കാൻ സ്‌കലോണി തയ്യാറായില്ല.

ഇത് തന്റെ അവസാനത്തെ ടൂർണമെന്റാണെന്ന് പ്രഖ്യാപിച്ച താരമാണ് ഡി മരിയ. അതുകൊണ്ടു തന്നെ അർജന്റീനക്കായി സർവവും താരം മൈതാനത്ത് നൽകുമെന്നതിൽ സംശയമില്ല. താരത്തെ കൂടുതൽ ഉപയോഗിച്ചാൽ അത് മെസിയുടെ ജോലിഭാരം കുറക്കും. വരും മത്സരങ്ങളിൽ അത്തരത്തിലുള്ള ഒരു തന്ത്രം അർജന്റീന ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.