തോൽവി ഞങ്ങൾക്ക് ആദ്യമായല്ല, ഗോൾ നേടാതിരുന്നതൊഴിച്ചാൽ അർജന്റീനയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഒട്ടമെൻഡി
ഒളിമ്പിക്‌സ് ഫുട്ബോൾ ടൂർണമെന്റിലെ ആവേശകരമായ മത്സരത്തിൽ അർജന്റീനയെ പുറത്താക്കി ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറി. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ പിറന്ന ഗോളിലാണ് അർജന്റീനയെ ഫ്രാൻസ് തോൽപ്പിച്ചത്. ഖത്തർ ലോകകപ്പ് ഫൈനലിന് ശേഷം രണ്ടു രാജ്യങ്ങളിലെയും ആരാധകരും താരങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉരസലുകളാണ് മത്സരത്തെ ചൂടു പിടിപ്പിച്ചത്.
മത്സരത്തിന് ശേഷം താരങ്ങൾ തമ്മിൽ ചെറിയ കയ്യാങ്കളിയും ഉണ്ടായിരുന്നു. തോൽവിക്ക് പിന്നാലെ അർജന്റീന സോഷ്യൽ മീഡിയയിൽ കളിയാക്കലുകൾ ഏറ്റുവാങ്ങുന്നുണ്ട്. അതേസമയം തോൽവി തന്നെ സംബന്ധിച്ച് പ്രശ്‌നമല്ലെന്നും മത്സരത്തിൽ അർജന്റീന ടീം മികച്ച പ്രകടനമാണ് നടത്തിയതെന്നുമാണ് ടീമിന്റെ നായകനായ നിക്കോളാസ് ഒട്ടമെൻഡി പറയുന്നത്.
🗣 Nicolás Otamendi: "Before becoming World Champion I went through defeats and I know what it’s like. The boys did well. We lacked a goal." 🫡🇦🇷 pic.twitter.com/2zTOiImAbQ
— Roy Nemer (@RoyNemer) August 2, 2024
“ലോകചാമ്പ്യനാകുന്നതിനു മുൻപേ ഞാൻ പലപ്പോഴും തോൽവികളിലൂടെ കടന്നു പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ അതെങ്ങിനെയായിരിക്കുമെന്ന് എനിക്ക് നല്ല ധാരണയുണ്ട്. അർജന്റീന താരങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്. ഞങ്ങൾക്ക് ഒരു ഗോൾ മാത്രമാണ് ഇല്ലാതിരുന്നത്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഒട്ടമെൻഡി പറഞ്ഞു.
അർജന്റീന പരിശീലകനായ ഹാവിയർ മഷറാനോയും സമാനമായ അഭിപ്രായമാണ് പറഞ്ഞത്. മത്സരം പൂർണമായും തങ്ങൾക്കൊപ്പമായിരുന്നു എന്നും എന്നാൽ ഗോളടിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ചില സമയത്ത് ഫുട്ബോളിൽ ഇത് സംഭവിക്കാമെന്നും മികച്ച പ്രകടനം നടത്തിയാണ് അർജന്റീന ടീം മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അർജന്റീനക്ക് മേധാവിത്വം ഉണ്ടായിരുന്ന മത്സരത്തിൽ സുവർണാവസരങ്ങൾ തുലച്ചതാണ് പ്രധാനമായി തിരിച്ചടിയായത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ രണ്ടു വമ്പൻ അവസരങ്ങളാണ് അർജന്റീന തുലച്ചു കളഞ്ഞത്. കരുത്തുറ്റ താരങ്ങളുള്ള ഫ്രാൻസ് പ്രതിരോധവും മികച്ച പ്രകടനം നടത്തി.