അർജന്റീന ഇനിയെന്നു കളിക്കളത്തിലിറങ്ങുമെന്ന് തീരുമാനമായി, ആരാധകർക്ക് ആവേശത്തോടെ കാത്തിരിക്കാം | Argentina

ഖത്തർ ലോകകപ്പിലെ വിജയത്തോടെ പതിറ്റാണ്ടുകൾ നീണ്ട ആരാധകരുടെ കാത്തിരിപ്പെല്ലാം അർജന്റീന അവസാനിപ്പിച്ചു കഴിഞ്ഞു. രണ്ടു വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ സ്‌കലോണിപ്പട ആരാധകർക്ക് വലിയ ആവേശമാണ് ഇപ്പോൾ നൽകുന്നത്. എതിരാളികൾ ആരായാലും തകർത്തു വിടാൻ തങ്ങൾക്കു കഴിയുമെന്ന് എല്ലാവരുടെ ഉള്ളിലും പൂർണമായ ആത്മവിശ്വാസമുണ്ട്. ഫിഫ റാങ്കിങ്ങിലും അർജന്റീന ഒന്നാം സ്ഥാനത്തു തുടരുന്നു.

ഗംഭീരപ്രകടനവും താരങ്ങൾ തമ്മിലുള്ള അപാരമായ ഒത്തിണക്കവും സ്‌കലോണി പരീക്ഷിക്കുന്ന പുതിയ താരങ്ങളെ വിലയിരുത്താനുമെല്ലാം വേണ്ടി അർജന്റീനയുടെ മത്സരങ്ങൾക്കായി ആരാധകരിപ്പോൾ കാത്തിരിക്കുകയാണ്. ലോകകപ്പിൽ സൗദി അറേബ്യയോടുള്ള തോൽവി മാറ്റി നിർത്തിയാൽ നിരവധി വർഷങ്ങളായി പരാജയമറിയാതെ കുതിക്കുന്ന അർജന്റീന അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.

ആരാധകർക്ക് ആവേശമായി അർജന്റീനയുടെ അടുത്ത മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ലബ് മത്സരങ്ങൾ തുടങ്ങിയതിനു ശേഷം അതിനിടയിൽ സെപ്‌തംബറിൽ നടക്കുന്ന ഇന്റർനാഷണൽ ബ്രേക്കിലാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ. സെപ്‌തംബർ എട്ടിനും സെപ്‌തംബർ പന്ത്രണ്ടിനുമാണ് അർജന്റീന മത്സരങ്ങൾ കളിക്കുന്നത്. ലോകകപ്പ് യോഗ്യത നേടാൻ വേണ്ടിയുള്ള പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഇക്വഡോറും ബൊളീവിയയുമാണ്.

2021ൽ കോപ്പ അമേരിക്കയും 2022ൽ ഫൈനലിസിമ, ലോകകപ്പ് എന്നിവയും സ്വന്തമാക്കിയ അർജന്റീന ഇനി ലക്ഷ്യമിടുന്നത് അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക കിരീടമാണ്. അതുകൊണ്ടു തന്നെ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഇനി നടക്കാനിരിക്കുന്ന ഓരോ മത്സരവും. ടീമിലേക്ക് പ്രതിഭയുള്ള പുതിയ താരങ്ങളെ ഇണക്കിച്ചേർക്കാൻ സ്‌കലോണിക്കും ഇത് തന്നെയാണ് ഏറ്റവും മികച്ച അവസരം അവസരം.

Argentina Next Matches Date Confirmed