റാമോസിനു മെസിക്കൊപ്പം തന്നെ വീണ്ടും കളിക്കണം, താരം കാത്തിരിക്കുന്നത് ഇന്റർ മിയാമിയുടെ ഓഫറിനായി | Ramos

പിഎസ്‌ജി കരാർ അവസാനിച്ചതോടെ ക്ലബ് വിട്ട സെർജിയോ റാമോസ് ഇതുവരെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറിയിട്ടില്ല. മുപ്പത്തിയേഴുകാരനായ താരവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ടെങ്കിലും ഇപ്പോഴും ഫ്രീ ഏജന്റായി തുടരുകയാണ്. ലയണൽ മെസിക്കൊപ്പം റാമോസ് ഇന്റർ മിയാമിയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളാണ് ആദ്യം ശക്തമായിരുന്നതെങ്കിലും ഇപ്പോൾ മറ്റു ക്ലബുകളും അഭ്യൂഹങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

അതിനിടയിൽ മുണ്ടോ ഡിപോർറ്റീവോ വെളിപ്പെടുത്തുന്നത് പ്രകാരം സെർജിയോ റാമോസ് മറ്റൊരു ക്ലബിലും ചേക്കേറാതിരിക്കുന്നത് ഇന്റർ മിയാമിയുടെ ഓഫർ ലഭിക്കുന്നതിന് വേണ്ടിയാണ്. ലയണൽ മെസിക്കൊപ്പം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിൽ കളിക്കാൻ സെർജിയോ റാമോസിന് വളരെയധികം ആഗ്രഹമുണ്ട്. അവിടേക്ക് ചേക്കാറാനുള്ള സാധ്യത ഇല്ലാതായാൽ മാത്രമേ റാമോസ് മറ്റു ക്ലബുകളുടെ ഓഫറുകൾ പരിഗണിക്കുന്നുണ്ടാകൂ.

ഫുട്ബോൾ ലോകത്തെ പ്രധാന വൈരികളായ ബാഴ്‌സലോണ, റയൽ മാഡ്രിഡ് ക്ലബുകളുടെ നായകന്മാരായിരുന്ന ലയണൽ മെസിയും സെർജിയോ റാമോസും പിന്നീട് പിഎസ്‌ജിയിൽ ഒരുമിച്ചിരുന്നു. രണ്ടു വർഷം ഒരുമിച്ചു കളിച്ച ഇരുവരും ഒരുമിച്ചു തന്നെ പടിയിറങ്ങുകയും ചെയ്‌തു. എൽ ക്ലാസിക്കോ മത്സരങ്ങളിൽ പരസ്‌പരം കൊമ്പു കോർത്തിട്ടുണ്ടെങ്കിലും ഒരുമിച്ച് കളിച്ചിരുന്നപ്പോൾ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ റാമോസ് മെസിക്കൊപ്പം വീണ്ടും കളിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

സെർജിയോ റാമോസിനെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ഇന്റർ മിയാമിക്ക് ആവശ്യം തന്നെയാണ്. ലയണൽ മെസി, ബുസ്‌ക്വറ്റ്സ് തുടങ്ങിയവർ എത്തിയതോടെ ഇന്റർ മിയാമി മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും പതറുന്ന പ്രതിരോധനിരയെ ആത്മവിശ്വാസത്തോടെ ഉയർത്തിയെടുക്കാൻ സെർജിയോ റാമോസിനെപ്പോലൊരു താരത്തിന് കഴിയും. എന്നാൽ മെസി, ബുസ്‌ക്വറ്റ്സ്, ആൽബ എന്നിവരെ ടീമിലെത്തിച്ച ഇന്റർ മിയാമിക്ക് റാമോസിനെയും സ്വന്തമാക്കാൻ കഴിയുമോയെന്നുറപ്പില്ല.

Sergio Ramos Want Inter Miami Transfer