വീണ്ടും മെസിക്ക് പിന്നിലായി റൊണാൾഡോ, അർജന്റീന താരത്തിന് മറ്റൊരു നേട്ടം കൂടി | Messi

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ ലോകഫുട്ബോളിൽ നടന്ന മത്സരം ആരാധകർ ഒരുപാട് ആഘോഷിച്ചതാണ്. ഇവരിൽ ആരാണ് ഏറ്റവും മികച്ചതെന്ന കാര്യത്തിൽ ഒരുപാട് കാലം തർക്കം നിലനിൽക്കുകയും ചെയ്‌തു. ലയണൽ മെസി ആരാധകർ ഗോളടിക്കാനും അടിപ്പിക്കാനും കളി മെനയാനുമുള്ള കഴിവിനെക്കുറിച്ച് പറയുമ്പോൾ റൊണാൾഡോ ആരാധകർ താരത്തിന്റെ കഠിനാധ്വാനവും ഇച്ഛാശക്തിയുമാണ് പ്രധാനമായും ഉയർത്തിക്കാണിക്കാറുള്ളത്.

ഖത്തർ ലോകകപ്പ് വരെ മെസിയാണോ റൊണാൾഡോയാണോ മികച്ചതെന്ന തർക്കം നിലനിന്നിരുന്നെങ്കിലും ലോകകപ്പിന് ശേഷം അതിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ലയണൽ മെസിയുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ അർജന്റീന കിരീടം സ്വന്തമാക്കിയതോടെ ചരിത്രത്തിലെ തന്നെ തന്നെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് തർക്കങ്ങളൊന്നുമില്ലാതെ മെസി നടന്നു കയറി. ഇപ്പോൾ ഏറ്റവുമധികം ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ താരമെന്ന നേട്ടത്തിലും മെസി റൊണാൾഡോയെ മറികടന്നു.

അറ്റ്‌ലാന്റാ യുണൈറ്റഡിനെതിരെ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ലയണൽ മെസി നേടിയ ആദ്യത്തെ ഗോളിൽ താരം മറ്റൊരു ഗിന്നസ് റെക്കോർഡ് കൂടി സ്വന്തമാക്കിയിരുന്നു. മെസിയുടെ ഗോൾ മൂന്നര ബില്യണിലധികം ആളുകൾ കണ്ടതോടെ അമേരിക്കയിൽ ഏറ്റവുമധികം ആളുകൾ കണ്ട ലൈവ് ഇവന്റെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഇതോടെ 41 ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ ലയണൽ മെസി റൊണാൾഡോയുടെ 40 ഗിന്നസ് റെക്കോർഡുകളെന്ന നേട്ടത്തിന് മുന്നിലെത്തി.

സൗദി അറേബ്യയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയതോടെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു. അതോടെ നാൽപത് ഗിന്നസ് റെക്കോർഡുകൾ കുറിച്ച റൊണാൾഡോയുടെ നേട്ടത്തെയാണ് മെസിയിപ്പോൾ മറികടന്നത്. അതേസമയം മറ്റു ഫുട്ബോൾ താരങ്ങൾ ഇക്കാര്യത്തിൽ പുറകിലാണ്. ഒൻപത് ഗിന്നസ് റെക്കോർഡുകളുള്ള ലെവൻഡോസ്‌കി മൂന്നാം സ്ഥാനത്തും അഞ്ചു റെക്കോർഡുകളുള്ള എംബാപ്പെ നാലാമതും നാലെണ്ണം സ്വന്തമായുള്ള നെയ്‌മർ അഞ്ചാമതുമാണ്.

Messi Claim Most Guinnes World Records