അമേരിക്കയിൽ കളിക്കുന്നത് അർജന്റീന ടീമിലെ സ്ഥാനത്തിനു ഭീഷണിയാകുമോ, മെസിയെക്കുറിച്ച് സ്‌കലോണി | Messi

ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചാണ് ലയണൽ മെസി യൂറോപ്പ് വിട്ട് അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയത്. ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്നു പ്രതീക്ഷിച്ച താരം അതിൽ നിന്നും പിന്മാറി ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിൽ എത്തുകയായിരുന്നു. ഇന്റർ മിയാമിക്കായി രണ്ടു മത്സരങ്ങളിൽ ഇറങ്ങി മികച്ച പ്രകടനം നടത്തി ടീമിനെ വിജയത്തിലേക്ക് നയിച്ച മെസി അമേരിക്കയിൽ വളരെ സന്തോഷവാനാണെന്ന് വ്യക്തമാണ്.

അതേസമയം യൂറോപ്യൻ ലീഗുകളെ അപേക്ഷിച്ച് മത്സരത്തിന്റെ തീവ്രത കുറഞ്ഞ മേജർ ലീഗ് സോക്കർ പോലെയൊരു ലീഗിൽ കളിക്കുന്നത് ലയണൽ മെസിയുടെ അർജന്റീന ടീമിലെ സ്ഥാനത്തിന് ഭീഷണിയാകുമോ എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളെയാണ് അർജന്റീന പരിശീലകൻ തന്റെ ടീമിലേക്ക് പ്രധാനമായും പരിഗണിക്കുന്നതെങ്കിലും മെസിയുടെ കാര്യത്തിൽ അതിൽ മാറ്റമുണ്ടെന്നാണ് അദ്ദേഹം തന്നെ പറയുന്നത്.

“ലയണൽ മെസി അടുത്ത കോപ്പ അമേരിക്കയും കളിക്കുമെന്നാണ് ഞാൻ കരുതുന്നത്. താരത്തോട് വേണ്ടെന്നു പറയാൻ ഞാനാളല്ല. അമേരിക്കൻ ലീഗിൽ കളിക്കുന്നത് താരത്തിന്റെ മത്സരിക്കാനുള്ള തീവ്രത ഇല്ലാതാക്കില്ല, തന്റെ ജീനിൽ തന്നെ മത്സരിക്കാനുള്ള ആവേശം മെസി കൊണ്ടു നടക്കുന്നുണ്ട്. തനിക്ക് തോന്നുന്നത്രയും കാലം മനോഹരമായ ഫുട്ബോൾ മെസി കളിച്ചു കൊണ്ടിരിക്കും.” റേഡിയോ എസ്റ്റാഡിയോയോട് സംസാരിക്കുമ്പോൾ സ്‌കലോണി പറഞ്ഞു.

ലയണൽ സ്‌കലോണിയുടെ കീഴിൽ കഴിഞ്ഞ രണ്ടു വർഷത്തിൽ അർജന്റീന മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ അതിന്റെ കേന്ദ്രം ലയണൽ മെസിയായിരുന്നു. മെസിക്ക് ചുറ്റും ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ടീമിനെയാണ് സ്‌കലോണി സൃഷ്‌ടിച്ചത്. അതുകൊണ്ടു തന്നെ അടുത്ത കോപ്പ അമേരിക്കയിൽ താരം കളിക്കുമെന്നതിൽ സംശയമില്ല. ഫിറ്റ്നസ് അനുവദിക്കുകയാണെങ്കിൽ അടുത്ത ലോകകപ്പിലും ലയണൽ മെസി അർജന്റീനക്കൊപ്പം തുടരാനുള്ള സാധ്യതയുണ്ട്.

Scaloni About Messi Future In Argentina Team