എമിയെ കീഴടക്കാനാവാതെ എതിരാളികൾ, കോപ്പ അമേരിക്കയിൽ ഗോൾ വഴങ്ങാത്ത ഒരേയൊരു ടീം അർജന്റീന

നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വളരെ ആധികാരികമായി തന്നെയാണ് കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങൾ കളിച്ച അർജന്റീന അതിൽ മൂന്നിലും വിജയം നേടി. കാനഡ, ചിലി, പെറു എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന വിജയം നേടിയത്. രണ്ടാം സ്ഥാനക്കാരായി കാനഡയും അർജന്റീനയുടെ ഗ്രൂപ്പിൽ നിന്നും മുന്നേറിയിട്ടുണ്ട്.

അർജന്റീനയുടെ മുന്നേറ്റത്തിൽ ടീമിന്റെ പ്രതിരോധവും ഗോൾകീപ്പറും വഹിച്ച പങ്കു ചെറുതല്ല. മൂന്നു മത്സരങ്ങളിൽ നിന്നും ഒരു ഗോൾ പോലും അർജന്റീന വഴങ്ങിയിട്ടില്ല. കോപ്പ അമേരിക്കയിൽ ഒരു ഗോൾ പോലും വഴങ്ങാതെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ ഒരേയൊരു ടീമും അർജന്റീനയാണ്. അവസാനത്തെ മത്സരത്തിൽ വലിയൊരു അഴിച്ചുപണി ടീമിൽ നടത്തിയപ്പോഴും അതവരുടെ പ്രകടനത്തെ ബാധിച്ചില്ല.

ആദ്യത്തെ രണ്ടു മത്സരങ്ങളിൽ സെന്റർ ബാക്കുകളായി ക്രിസ്റ്റ്യൻ റോമെറോ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരാണ് ഇറങ്ങിയതെങ്കിൽ അവസാനത്തെ മത്സരത്തിൽ പെസല്ല, ഓട്ടമെൻഡി എന്നിവരാണ് കളിച്ചത്. ഫുൾ ബാക്കുകളായി അക്യൂന, ടാഗ്ലിയാഫികോ, മോളിന, മോണ്ടിയൽ തുടങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് അർജന്റീനക്ക് വേണ്ടി നടത്തുന്നത്.

ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും അർജന്റീനക്കായി തകർപ്പൻ പ്രകടനം നടത്തുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അർജന്റൈൻ ജേഴ്‌സിയിൽ ഇറങ്ങുമ്പോൾ ഇരട്ടി കരുത്ത് കാണിക്കാറുള്ള താരം എല്ലാ മത്സരങ്ങളിലും ഗോളെന്നുറപ്പിക്കുന്ന ഷോട്ടുകൾ സേവ് ചെയ്‌തിട്ടുണ്ട്‌. അതിനൊപ്പം കഠിനാധ്വാനം ചെയ്യുന്ന മധ്യനിരയും അർജന്റീന പ്രതിരോധത്തെ കെട്ടുറപ്പുള്ളതാക്കുന്നു.

അർജന്റീന പ്രതിരോധവും ഗോൾകീപ്പറും മിന്നുന്ന പ്രകടനം നടത്തുമ്പോൾ മുന്നേറ്റനിരയിൽ ലൗടാരോ മാർട്ടിനസ് കരിയറിലെ ഏറ്റവും മികച്ച ടൂർണമെന്റാണ് അർജന്റീന ജേഴ്‌സിയിൽ കളിക്കുന്നത്. അർജന്റീന നേടിയ അഞ്ചു ഗോളുകളിൽ നാലെണ്ണവും ലൗടാരോയുടെ ബൂട്ടുകളിൽ നിന്നാണ്. നാല് ഗോളുകൾ നേടിയ താരമാണ് ടൂർണമെന്റിലെ ടോപ് സ്കോററും.