മലയാളി ആരാധകർ മനസു കവർന്നു, കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിനു സഹായിക്കുമെന്ന് അർജന്റീന

കേരളത്തിൽ ഫുട്ബോൾ വളരാൻ സഹായം നൽകാമെന്ന് അർജന്റീന. കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ തയ്യാറാണെന്നും അതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്നും അർജന്റീന എംബസി കൊമേഴ്‌സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനിലിയനി മേൽഷ്യർ കഴിഞ്ഞ ദിവസം അറിയിച്ചു. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് പിന്തുണ നൽകിയ കേരളക്കരക്കും മാധ്യമങ്ങൾക്കും നന്ദി പറയാൻ കേരള ഹൗസിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

എല്ലാ ലോകകപ്പിലും സംഭവിക്കാറുള്ളതു പോലെ തന്നെ ഖത്തർ ലോകകപ്പിലും അർജന്റീന ടീമിന് വലിയ പിന്തുണയാണ് ലഭിച്ചത്. സോഷ്യൽ മീഡിയ വളരെയധികം സജീവമായ ഈ കാലത്ത് അത് ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്‍തു. ലോകകപ്പ് വിജയം നേടിയതിനു പിന്നാലെ അർജന്റീനയുടെ ഒഫിഷ്യൽ ട്വിറ്റർ പേജ് ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പേരിനൊപ്പം കേരളത്തെയും പ്രത്യേകം എടുത്തു പറഞ്ഞതിനു പിന്നാലെയാണ് അർജന്റീന എംബസി ഉദ്യോഗസ്ഥൻ കേരളത്തിന് നന്ദി അറിയിച്ചത്.

മെസിയുടെ ആരാധകർ ഇന്ത്യയിലെമ്പാടുമുണ്ടെങ്കിലും കേരളത്തിലെ ആരാധകർ ഹൃദയം കവർന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഫുട്ബോളിൽ കേരളവുമായി സഹകരണത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ വേണ്ടി അർജന്റീന അംബാസിഡർ ഹ്യൂഗോ ഹാവിയർ ജോബിയും സംഘവും അടുത്തു തന്നെ കേരളം സന്ദർശിക്കുമെന്നും ഫുട്ബോളിന് പുറമെ കൃഷി, മത്സ്യബന്ധനം തുടങ്ങിയ കാര്യങ്ങളിലുള്ള സഹകരണവും ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരാധകരെ കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

കേരള ഹൗസിൽ നടന്ന അനുമോദനയോഗത്തിൽ അർജന്റീന ടീമും കേരളത്തിലെ ആരാധകരും ലോകകപ്പ് വിജയത്തിന് ശേഷം നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കേക്ക് മുറിച്ച് അവർ സന്തോഷം പങ്കിട്ടു. ലോകകപ്പ് ഫൈനലിന്റെ പ്രസക്തഭാഗങ്ങളും പ്രധാന നിമിഷങ്ങളിൽ അർജന്റീന ആരാധകർ നടത്തിയ വൈകാരികപ്രകടനങ്ങളുമെല്ലാം ചേർത്തുള്ള വീഡിയോയും അവിടെ പ്രദർശിപ്പിച്ചിരുന്നു.

ഫുട്ബോളിൽ വളരെയധികം വേരോട്ടമുള്ള അർജന്റീന പോലെയൊരു രാജ്യം കേരളവുമായി സഹകരിക്കുന്നത് വലിയ നേട്ടമാണ്. ഇന്ത്യയിൽ തന്നെ ഫുട്ബോളിന് വളരെയധികം വേരോട്ടമുള്ള സംസ്ഥാനമായ കേരളത്തിൽ കളി വളരാൻ ഇതു സഹായിക്കും. ലോകകപ്പിൽ അർജന്റീനക്കായി ആർത്തു വിളിച്ച ആരാധകരുടെ ആവേശം തന്നെയാണ് ഇതിനു വഴിയൊരുക്കിയത്. അർജന്റീന ടീം കേരളത്തിൽ കളിക്കുന്ന കാലവും വിദൂരമല്ല.