“ലോകകപ്പ് ഫൈനലിൽ മെസി നേടിയ ഗോൾ അനുവദിക്കരുതെന്ന് പറയുന്നവർ ഈ ചിത്രത്തെപ്പറ്റി മിണ്ടുന്നില്ല” ഫ്രാൻസ് ആരാധകർക്ക് മറുപടിയുമായി പോളിഷ് റഫറി

ഖത്തർ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ലോകകപ്പ് ഫൈനലായിരുന്നു. അർജന്റീന ആധിപത്യം സ്ഥാപിച്ച മത്സരം പിന്നീട് ഫ്രാൻസിന്റെ കൈകളിലേക്ക് പോവുകയും ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിൽ അർജന്റീന തന്നെ കിരീടം നേടുകയുമായിരുന്നു. ഒരുപാട് നിർണായകമായ നിമിഷങ്ങളിലൂടെ കടന്നു പോയതിനാൽ തന്നെ മത്സരത്തിനു പിന്നാലെ വിവാദങ്ങളും ഉയർന്നു വന്നിരുന്നു. മത്സരം നിയന്ത്രിച്ച പോളിഷ് റഫറി ഷിമോൺ മാർസിനിയാക്കിന്റെ തീരുമാനങ്ങളിൽ പിഴവ് പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി.

ഇഞ്ചുറി ടൈമിൽ ലയണൽ മെസി നേടിയ അർജന്റീനയുടെ മൂന്നാമത്തെ ഗോളാണ് കൂടുതൽ വിമർശനം ഉണ്ടാക്കിയത്. ലയണൽ മെസി ആ ഗോൾ നേടുന്ന സമയത്ത് പകരക്കാരുടെ ബെഞ്ചിലിരുന്ന രണ്ടിലധികം അർജന്റീന താരങ്ങൾ കളിക്കളത്തിൽ ഉണ്ടായിരുന്നുവെന്നും ആ കാരണം കൊണ്ടു തന്നെ ആ ഗോൾ റഫറി അനുവദിക്കാൻ പാടിലായിരുന്നുവെന്നും നിരവധി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ ഈ വിമർശനങ്ങൾക്ക് മത്സരം നിയന്ത്രിച്ച പോളിഷ് റഫറി തന്നെ മറുപടിയുമായി വന്നു.

ലയണൽ മെസി നേടിയ മൂന്നാമത്തെ ഗോൾ അനുവദിക്കരുതായിരുന്നു എന്ന് പറയുന്നവർ മത്സരത്തിൽ കിലിയൻ എംബാപ്പെ ഒരു ഗോൾ നേടുമ്പോൾ ഫ്രാൻസിന്റെ ബെഞ്ചിലെ ഏഴോളം താരങ്ങൾ മൈതാനത്തുണ്ടായിരുന്നു എന്ന കാര്യം മറന്നു പോയെന്നും അതേക്കുറിച്ച് സംസാരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ഷിമോൺ മാർസിനിയാക്ക് പറഞ്ഞു. പത്രസമ്മേളനത്തിലേക്ക് ഇതിന്റെ ദൃശ്യങ്ങളുമായി എത്തിയ പോളിഷ് റഫറി ഇത് മാധ്യമങ്ങൾക്ക് നേരെ ഉയർത്തിക്കാണിക്കുകയും ചെയ്‌തു.

വിവാദമായ ലയണൽ മെസിയുടെ ഗോൾ പിറന്നത് 108ആം മിനുട്ടിലായിരുന്നു. ലൗടാരോ മാർട്ടിനസിന്റെ ഷോട്ട് ഹ്യൂഗോ ലോറിസ് സേവ് ചെയ്‌തതിൽ നിന്നുള്ള റീബൗണ്ടിലാണ് മെസി വല കുലുക്കിയത്. വീഡിയോ അസിസ്റ്റന്റ് റഫറി ഗോളിൽ ഓഫ്‌സൈഡ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഗോൾ അനുവദിച്ചു. എന്നാൽ അതിനു പിന്നാലെ ലഭിച്ച പെനാൽറ്റിയിൽ നിന്നും എംബാപ്പെ വലകുലുക്കി മത്സരം ഷൂട്ടൗട്ടിൽ എത്തിക്കുകയായിരുന്നു.

ഫിഫ നിയമപ്രകാരം സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലുള്ള താരങ്ങൾ ഗോൾ നേടുന്ന സമയത്ത് മൈതാനത്തുണ്ടെങ്കിൽ റഫറി ഗോൾ അനുവദിക്കരുത്. എന്നാൽ അത്യന്തം പിരിമുറുക്കം നിറഞ്ഞ മത്സരമായതിനാൽ തന്നെ ഇക്കാര്യം റഫറിമാർ വിട്ടുപോയെന്നു വേണം കരുതാൻ. റഫറിക്ക് ഇക്കാര്യത്തിൽ പിഴവ് സംഭവിച്ചെങ്കിലും, അദ്ദേഹം കൃത്യത പുലർത്തിയാലും മത്സരഫലത്തിൽ മാറ്റമുണ്ടാകില്ലായിരുന്നു.