റൊണാൾഡോക്ക് പകരക്കാരനായി ലോകകപ്പിൽ ഹീറോയായ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ നിർദ്ദേശം

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ആരെത്തുമെന്നത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. ക്ലബിനെതിരെ രൂക്ഷമായ വിമർശനം നടത്തിയതിനെ തുടർന്ന് ലോകകപ്പിനിടയിൽ റൊണാൾഡോയുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് റദ്ദാക്കിയിരുന്നു. നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനും വരുന്ന സീസണുകളിൽ ടീമിനായി തിളക്കമാർന്ന പ്രകടനം നടത്താനും പുതിയൊരു താരത്തെ സ്വന്തമാക്കേണ്ടത് അനിവാര്യതയാണ്.

റൊണാൾഡോക്ക് പകരക്കാരനായി ഖത്തർ ലോകകപ്പിൽ നെതർലാൻഡ്‌സിനായി തിളക്കമാർന്ന പ്രകടനം നടത്തിയ കോഡി ഗാക്പോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കണമെന്നാണ് മുൻ ലിവർപൂൾ താരമായ ജോൺ ബാൺസ് പറയുന്നത്. ഗാപ്‌കോയെ സ്വന്തമാക്കുകയെന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ബുദ്ധിപരമായ നീക്കമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമുള്ള പെർഫെക്റ്റ് സ്‌ട്രൈക്കറാവാൻ ആന്റണി മാർഷ്യലിനും മാർക്കസ് റാഷ്‌ഫോഡിനും കഴിയില്ലെന്നും ഗാക്പോ അതിനു ചേരുമെന്നും ബാൺസ് പറഞ്ഞു.

ഗാക്പോക്ക് കൂടുതൽ സമയം കളിക്കാൻ ലഭിക്കുമെന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ശരിയായ തിരഞ്ഞെടുപ്പാണെന്നാണ് ബാൺസ് പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനു പുറമെ ലിവർപൂളിലേക്കും ഗാക്പോക്ക് ചേക്കേറാൻ കഴിയുമെന്നും ടീമിനായി വളരെയധികം അധ്വാനിച്ചു കളിക്കുന്ന ഗാക്പോ ഗോൾമുഖത്ത് നിരന്തരം ഭീതി സൃഷ്‌ടിക്കാൻ കഴിവുള്ള താരമാണെന്നും ലിവർപൂളിനായി രണ്ടു ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള ബാൺസ് കൂട്ടിച്ചേർത്തു.

ലോകകപ്പിനു മുൻപ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിൽ ഉണ്ടായിരുന്ന താരമാണ് ഗാക്പോ. പിഎസ്‌വിക്കു വേണ്ടി 29 മത്സരങ്ങൾ ഈ സീസണിൽ കളിച്ച താരം പതിനഞ്ചു ഗോളുകളും പതിനെട്ട് അസിസ്റ്റുകളും സ്വന്തമാക്കി. ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയ ഹോളണ്ട് ടീമിനായി മൂന്നു ഗോളുകളും താരം നേടിയിരുന്നു. ഇതോടെ താരത്തിനായി ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതൽ ടീമുകൾ രംഗത്തു വന്നിട്ടുണ്ട്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ക്ലബ് ഏതാണെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം സൗദി ക്ലബ് അൽ നാസറിലേക്കാണ് റൊണാൾഡോ ചേക്കേറാൻ സാധ്യതയുള്ളത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബിലാണ് റൊണാൾഡോക്ക് താൽപര്യമെങ്കിലും നിലവിൽ താരത്തിന് യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ നിന്നും ഓഫറില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.