അർജന്റീനയുടെ മാലാഖ കളിക്കളത്തിൽ തുടരും, വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് ഡി മരിയ

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയുടെ വിജയത്തിൽ ഏറ്റവുമധികം തിളങ്ങിയ താരങ്ങളിൽ ഒരാളാണ് ഏഞ്ചൽ ഡി മരിയ. താരം കളിക്കളത്തിലുണ്ടായിരുന്ന അറുപത്തിയഞ്ചോളം മിനുട്ടുകൾ ഫ്രാൻസിനു മേൽ അപ്രമാദിത്വം സ്ഥാപിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. അർജന്റീന നേടിയ രണ്ടു ഗോളുകളിലും താരം പങ്കാളിയാവുകയും ചെയ്‌തു. 2014 ലോകകപ്പിന്റെ ഫൈനലിൽ തനിക്ക് പരിക്ക് മൂലം കളിക്കാൻ കഴിയാതിരുന്നതിന്റെ എല്ലാ ക്ഷീണവും തീർത്താണ് 2022 ലോകകപ്പിൽ ഡി മരിയ നിറഞ്ഞാടിയത്.

ഖത്തർ ലോകകപ്പിനു ശേഷം കളിക്കളത്തിൽ നിന്നും വിരമിക്കുമെന്ന് ഡി മരിയ ടൂർണമെന്റിനു മുൻപു തന്നെ വെളിപ്പെടുത്തിയിരുന്നു. നിരവധി യുവതാരങ്ങൾ ടീമിലേക്ക് അവസരങ്ങൾ കാത്തിരിക്കുന്നുണ്ടെന്നും അവർക്ക് വഴിയൊരുക്കാൻ താൻ മാറി നിൽക്കുമെന്നുമാണ് താരം പറഞ്ഞത്. എന്നാൽ ആ തീരുമാനത്തിൽ നിന്നും മുപ്പത്തിനാല് വയസുകാരനായ താരം പിന്തിരിഞ്ഞുവെന്നാണ് അർജന്റീനിയൻ ജേർണലിസ്റ്റായ ഗാസ്റ്റൻ എഡുൽ വെളിപ്പെടുത്തുന്നത്. ദേശീയ ടീമിനൊപ്പം കുറച്ചു കാലം കൂടി തുടരാനാണ് താരത്തിന്റെ തീരുമാനം.

ലോകകപ്പ് വിജയത്തിനു ശേഷം ലയണൽ മെസിയും വിരമിക്കൽ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം അതിനെയെല്ലാം തള്ളിക്കളഞ്ഞിരുന്നു. ലോകകപ്പ് ജേതാവെന്ന നിലയിൽ അർജന്റീനക്കായി ഇനിയും കളിക്കണമെന്നാണ് ഫൈനലിലെ വിജയത്തിനു ശേഷം മെസി പറഞ്ഞത്. ഒരുപക്ഷെ മെസിയുടെ തീരുമാനത്തിന് പിന്നാലെ ഡി മരിയയും തീരുമാനം മാറ്റിയതാവാനുള്ള സാധ്യതയുണ്ട്. അതല്ലെങ്കിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഒരു മത്സരം കളിച്ച് വിരമിക്കാനുള്ള പദ്ധതിയുമാകാം.

2008ൽ അർജന്റീനക്കായി അരങ്ങേറ്റം കുറിച്ചതിനു ശേഷം ടീമിന്റെ പ്രധാന താരമായി തുടരുന്ന ഏഞ്ചൽ ഡി മരിയ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ അർജന്റീന കിരീടം നേടിയ മൂന്നു മത്സരങ്ങളിലും ഗോളുകൾ നേടിയിട്ടുണ്ട്. കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെ വിജയം നേടിയ ഒരേയൊരു ഗോൾ നേടിയ താരം ഫൈനലിസിമയിലും ലോകകപ്പിലും അതാവർത്തിച്ചു. ഈ ലോകകപ്പിൽ ഏഞ്ചൽ ഡി മരിയ നേടിയ ഒരേയൊരു ഗോളും ഫൈനലിലാണ് പിറന്നത്.