പ്രീമിയർ ലീഗിലെ മികച്ച ഗോൾ അർജന്റീനയിലേക്ക് തന്നെ, യൂറോപ്പിൽ ഇന്നലെ അർജന്റീന താരങ്ങളുടെ ദിവസം | Argentina

യൂറോപ്പിലെ വിവിധ ലീഗുകളിൽ അർജന്റീന താരങ്ങൾ വിളയാടിയ ദിവസമായിരുന്നു ഇന്നലത്തേത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് അത് പ്രധാനമായും കണ്ടത്. പ്രീമിയർ ലീഗിൽ അർജന്റീനക്കായി ലോകകപ്പിൽ കളിച്ച മൂന്നു അർജന്റീന താരങ്ങൾ തങ്ങളുടെ ടീമിനായി മികച്ച പ്രകടനം നടത്തിയപ്പോൾ അർജന്റീന ടീമിലെ മറ്റൊരു പ്രധാന താരവും തന്റെ ടീമിനായി ഗോൾ കണ്ടെത്തുകയുണ്ടായി.

ലിവർപൂളിനായി അലക്‌സിസ് മാക് അലിസ്റ്റർ നേടിയ ഗോളാണ് ഇക്കാര്യത്തിൽ എടുത്തു പറയേണ്ടത്. ഫുൾഹാമിനെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ ടീമിന്റെ ഗോൾ താരം നേടിയത് അവിശ്വസനീയമായ ഒരു ലോങ്ങ് റേഞ്ചറിലായിരുന്നു. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ അർജന്റീനയിലേക്ക് തന്നെയെത്തുമെന്ന് താരം ഉറപ്പിച്ചു. ഗർനാചോയാകും ഒരു ഭീഷണിയായി ഉണ്ടാവുക.

ലോകകപ്പിൽ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസോ ഫെർണാണ്ടസ് രണ്ടു ഗോളുകളാണ് ഇന്നലെ ചെൽസിയുടെ വിജയത്തിൽ കണ്ടെത്തിയത്. പ്രീമിയർ ലീഗിൽ താരം നേടുന്ന ആദ്യത്തെ ഗോളാണ് ഇന്നലത്തെ മത്സരത്തിൽ പിറന്നത്. ഇതിനു പുറമെ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവും തമ്മിൽ നടന്ന മത്സരത്തിൽ ലോ സെൽസോ ഒരു ഗോൾ നേടുകയും അൽവാരസ് ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്‌തു.

ഇറ്റാലിയൻ ലീഗിൽ റോമ വിജയം നേടിയ മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരം പൗളോ ഡിബാല ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റോമ വിജയിച്ച് നാലാം സ്ഥാനത്തെത്തിയ മത്സരത്തിൽ ദിബാലയാണ് ഹീറോയായത്. സീരി എയിലെ ഒന്നാം സ്ഥാനം ഇന്റർ നിലനിർത്തിയ മത്സരത്തിൽ ലൗടാരോ മാർട്ടിനസ് ഒരു അസിസ്റ്റ് നൽകുകയും ചെയ്‌തു.

ഇതിനു പുറമെ ബ്രൈറ്റനു വേണ്ടി ഫാകുണ്ടോ ബുവണനോട്ടെ, ഫിയോറെന്റീനക്ക് വേണ്ടി ലൂക്കാസ് ബെൽട്രൻ എന്നിവരും കഴിഞ്ഞ ദിവസം ഗോൾ കണ്ടെത്തിയ അർജന്റീന താരങ്ങളാണ്. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരായി അർജന്റീന താരങ്ങൾ മാറുന്ന കാഴ്‌ചയാണിത്. അടുത്ത വർഷം കോപ്പ അമേരിക്ക വരാനിരിക്കെ അർജന്റീന ടീമിന് ഇത് വളരെയധികം ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

Argentina Players Performance For Different Clubs In Europe