സ്വന്തം ടീമിനെതിരെ ഗോൾ നേടി ഫെലിക്‌സിന്റെ ആഘോഷം, കനത്ത ഫൗളിലൂടെ മറുപടി നൽകി അത്ലറ്റികോ മാഡ്രിഡ് താരം | Felix

ലാ ലിഗയിലെ വമ്പൻ പോരാട്ടം ഇന്നലെ രാത്രി നടന്നപ്പോൾ സ്വന്തം മൈതാനത്ത് അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സലോണ വിജയം സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം സ്വന്തമാക്കിയ ടീമാണെങ്കിലും ഈ സീസണിൽ അതിനൊത്ത പ്രകടനം നടത്താൻ കഴിയാതെ പതറിയ ബാഴ്‌സലോണയ്ക്ക് ആത്മവിശ്വാസം നൽകുന്ന വിജയമായിരുന്നു അത്.

മത്സരത്തിൽ ബാഴ്‌സക്കായി ഗോൾ നേടിയത് അത്ലറ്റികോ മാഡ്രിഡിൽ നിന്നും ലോണിൽ കളിക്കുന്ന ജോവ ഫെലിക്‌സായിരുന്നു. റാഫിന്യയുടെ പാസ് സ്വീകരിച്ച് തന്റെ സ്വന്തം ടീമിനെതിരെ ഒരു മനോഹരമായ ചിപ്പിങ് ഫിനിഷിലൂടെ നേടിയ ഗോൾ താരം ആഘോഷിക്കുകയും ചെയ്‌തു. ഈ സീസൺ കഴിഞ്ഞാൽ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെ തിരിച്ചു പോകണമെന്നതൊന്നും ആഘോഷത്തിന് തടസമായില്ല.

എന്നാൽ 2019/20 സീസൺ മുതൽ അത്ലറ്റികോ മാഡ്രിഡിൽ കളിക്കുന്ന താരം തങ്ങൾക്കെതിരെ ഗോൾ നേടി ആഘോഷിച്ചത് ടീമിന്റെ പ്രതിരോധതാരമായ റൗൾ ഗിമിനസിനു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അതിനു പിന്നാലെ ജോവോ ഫെലിക്‌സിനെ കനത്ത ഫൗൾ ചെയ്‌താണ്‌ ഗിമിനാസ് തന്റെ പ്രതിഷേധം കാണിച്ചത്. അതിനു ശേഷം വീണു കിടക്കുന്ന ഫെലിക്‌സിനോട് താരം കയർക്കുകയും ചെയ്‌തിരുന്നു.

സ്വന്തം മൈതാനത്ത് ബാഴ്‌സലോണ ആധിപത്യം സ്ഥാപിച്ച മത്സരമായിരുന്നു ഇന്നലത്തേത്. മികച്ച ഒരുപാട് അവസരങ്ങൾ അവർ ഉണ്ടാക്കിയെടുത്തു. എന്നാൽ അതെല്ലാം ഒന്നൊന്നായി താരങ്ങൾ തുലച്ചു കളയുകയായിരുന്നു. ലെവൻഡോസ്‌കിയുടെ മോശം ഫോം ബാഴ്‌സക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. മിന്നും സേവുകളുമായി ഇനാകി പെനയും ബാഴ്‌സലോണയുടെ വിജയത്തിൽ പങ്കു വഹിച്ചു.

ഈ വിജയത്തോടെ ലീഗിൽ ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. അടുത്ത മത്സരത്തിൽ ലീഗിൽ വമ്പൻ കുതിപ്പുമായി മുന്നേറുന്ന രണ്ടാം സ്ഥാനക്കാരായ ജിറോണയെയാണ് ബാഴ്‌സലോണ നേരിടേണ്ടത്. അതിൽ വിജയം നേടിയാൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാൻ കഴിയില്ലെങ്കിലും രണ്ടാം സ്ഥാനത്തുള്ള ജിറോണയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറക്കാൻ കഴിയും.

Gimenez Reacts Harshly After Felix Celebration