ഇതുപോലെയൊന്ന് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, അർജന്റീനക്ക് ചൈനയിൽ ലഭിക്കുന്ന സ്വീകരണം അവിശ്വസനീയം | Argentina

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ലഭിച്ച സ്വീകരണം അവിശ്വസനീയമായ ഒന്നായിരുന്നു. അർജന്റീന ആരാധകർക്കൊപ്പം തന്നെ ഖത്തറിലെ സ്റ്റേഡിയങ്ങളിലും അല്ലാതെയും നിരവധി പേരാണ് അർജന്റീനക്ക് പിന്തുണയുമായി എത്തിയത്. ലോകകപ്പ് വിജയത്തിനു ശേഷം ആരാധകർക്ക് അർജന്റീന നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു.

ഇതിനു പിന്നാലെ ഏഷ്യയിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ തീരുമാനമെടുത്ത അർജന്റീന നിലവിൽ ചൈനയിലാണുള്ളത്. ഓസ്‌ട്രേലിയക്കെതിരായ സൗഹൃദമത്സരത്തിനു വേണ്ടിയാണ് അർജന്റീന ടീം ചൈനയിലെ ബീജിങ്ങിൽ എത്തിയിരിക്കുന്നത്. ചൈനയിൽ ആവേശോജ്വലമായ സ്വീകരണമാണ് അർജന്റീന ടീം ഏറ്റുവാങ്ങുന്നത്. ഇതുവരെ ഇങ്ങിനെയൊരു സ്വീകരണം താൻ കണ്ടിട്ടില്ലെന്നാണ് അർജന്റീനിയൻ ജേണലിസ്റ്റ് ഗാസ്റ്റൻ എഡ്യൂൾ പറയുന്നത്.

“അർജന്റീന ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞാൻ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിനു ശേഷം ഇങ്ങിനെയൊരു സ്വീകരണം ഇതുവരെ കണ്ടിട്ടില്ല. ഖത്തർ, യുഎഇ, അമേരിക്ക, ബിൽബാവോ തുടങ്ങി എവിടെയും ഞാനിത് കണ്ടിട്ടേയില്ല.” അദ്ദേഹം പറഞ്ഞു. ആരാധകർ കാത്തിരിക്കുന്നത് കാരണം അർജന്റീന താരങ്ങൾക്ക് ഹോട്ടലിൽ നിന്നും പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നും എഡ്യൂൾ കൂട്ടിച്ചേർത്തു.

ഈ മാസം പതിനഞ്ചിനാണ്‌ ഓസ്‌ട്രേലിയക്കെതിരെ അർജന്റീന സൗഹൃദമത്സരം കളിക്കുന്നത്. അതിനു ശേഷം ഇന്തോനേഷ്യക്കെതിരെ അർജന്റീന ഒരു മത്സരം കൂടി കളിക്കുന്നുണ്ട്. എന്തായാലും ഏഷ്യയിലെ ആരാധകർക്ക് അർജന്റീനയോടുള്ള സ്നേഹം ഒരിക്കൽക്കൂടി ഇതിലൂടെ തെളിയിക്കപ്പെടുകയാണ്. അത്ര വലിയ പിന്തുണയും വരവേൽപ്പുമാണ് താരങ്ങൾക്ക് ലഭിക്കുന്നത്.

Argentina Team Receive Superb Reception In China