ലോകകപ്പിലെ തോൽവിക്ക് പ്രതികാരം തന്നെ ലക്‌ഷ്യം, അർജന്റീനക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ താരം | Argentina

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിന് വലിയ പിന്തുണയാണ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ലഭിച്ചത്. അതിന്റെ നന്ദി അറിയിച്ച അർജന്റീന ടീം ജൂണിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങൾ ഏഷ്യൻ രാജ്യങ്ങളിൽ കളിക്കാൻ തീരുമാനമെടുക്കുകയും ചെയ്‌തു. നിലവിൽ ചൈനയിലുള്ള അർജന്റീന ടീം പതിനഞ്ചിനു ഓസ്ട്രേലിയയെയും അതിനു ശേഷം ഇന്തോനേഷ്യയെയുമാണ് നേരിടുന്നത്.

ഓസ്‌ട്രേലിയയും അർജന്റീനയും ഖത്തർ ലോകകപ്പിൽ നേർക്കു നേർ വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം നേടിയത്. ആ തോൽവിയുടെ ഓർമ്മകൾ ഇപ്പോഴും വേട്ടയാടുന്നതിനാൽ ചൈനയിലെ സൗഹൃദ മത്സരത്തിൽ അർജന്റീനക്കെതിരെ പ്രതികാരം ലക്ഷ്യമാണെന്നാണ് ഓസ്‌ട്രേലിയൻ താരം കീനു ബാക്കസ് പറയുന്നത്.

“ഞങ്ങൾ ഇതിനെ ഒരു സൗഹൃദ മത്സരമായി കണക്കാക്കാൻ പോകുന്നില്ല. ഞങ്ങൾ അവിടെ പോയി ഞങ്ങളുടെ പരമാവധി ചെയ്യാൻ ശ്രമിക്കുകയും ഗെയിം വിജയിക്കുകയും ചെയ്യും. അവർ ഞങ്ങളെ തോൽപ്പിച്ചതിനാൽ ഇത് ഒരു ചെറിയ പകപോക്കലാണ്. തീർച്ചയായും ഇതൊരു തീവ്രമായ ഗെയിമായിരിക്കും. നിങ്ങൾ അങ്ങനെ വെച്ചാലും അതൊരു സൗഹൃദമത്സരമാകുമെന്ന് തോന്നുന്നില്ല.” കീനു ബാക്കസ് പറഞ്ഞു.

മത്സരത്തിൽ അർജന്റീനക്ക് തന്നെയാണ് മുൻ‌തൂക്കം. ലയണൽ മെസിയടക്കം ശക്തമായ ടീമുമായാണ് അർജന്റീന മത്സരത്തിനായി തയ്യാറെടുക്കുന്നത്. മികച്ച ഇലവനെ തന്നെയാകും സ്‌കലോണി ഇറക്കുകയും ചെയ്യുക. അർജന്റീനയെ സംബന്ധിച്ച് തങ്ങളുടെ കരുത്ത് വീണ്ടും പ്രകടിപ്പിക്കുക എന്നതായിരിക്കും മത്സരത്തിലൂടെ ലക്‌ഷ്യം വെക്കുന്നത്.

Australia Want Revenge Against Argentina