കഴിഞ്ഞ വർഷം തന്നെ അറിയിച്ച കാര്യമാണത്, അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി എംബാപ്പെ | Mbappe

ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ കഴിഞ്ഞ ദിവസം പിഎസ്‌ജിയുമായി കരാർ പുതുക്കുന്നില്ലെന്ന തന്റെ തീരുമാനം ക്ലബ്ബിനെ അറിയിച്ചുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2024 വരെ കരാറുള്ള താരത്തിന് അതൊരു വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയുമായിരുന്നെങ്കിലും അതിനു തയ്യാറല്ലെന്നാണ് എംബാപ്പെ കഴിഞ്ഞ ദിവസം പിഎസ്‌ജിക്ക് നൽകിയ കത്തിലൂടെ വ്യക്തമാക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

ഇപ്പോൾ ഇക്കാര്യം എംബാപ്പെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അസോസിറ്റേറ്റഡ്‌ ഫ്രഞ്ച് പ്രെസ്സിലൂടെയാണ് എംബാപ്പെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. “2024നു ശേഷം കരാർ നീട്ടുന്നില്ലെന്ന എന്റെ തീരുമാനം ജൂലൈ 15, 2022നു തന്നെ ഞാൻ പിഎസ്‌ജിയെ അറിയിച്ചിട്ടുള്ളതാണ്. ഞാൻ നേരത്തെ തന്നെ പറഞ്ഞ കാര്യം സ്ഥിരീകരിക്കാൻ വേണ്ടിയാണ് ആ കത്ത് നൽകിയത്.” എംബാപ്പെ പറയുന്നു.

ഒരു വർഷം കൂടി ക്ലബിനൊപ്പം തുടരാൻ തയ്യാറാണെന്ന് എംബാപ്പെ അറിയിച്ചെങ്കിലും കരാർ പുതുക്കുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചതിലൂടെ ഈ സമ്മറിൽ തന്നെ താരത്തിന്റെ ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. ഇനി ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തെ നിലനിർത്തിയാൽ ഫ്രീ ഏജന്റായി എംബാപ്പെ ക്ലബ് വിടും. അതിനാൽ തന്നെ ഈ സമ്മറിൽ എംബാപ്പയെ ഒഴിവാക്കി ലഭ്യമായ തുക നേടാനാകും അവർ ശ്രമിക്കുക.

എംബാപ്പയെ സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പായതിനാൽ നിരവധി ക്ലബുകൾ താരത്തിനായി രംഗത്തു വരാൻ സാധ്യതയുണ്ട്. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ ക്ലബുകളെല്ലാം ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരത്തിനായി ശ്രമം നടത്തുന്നുണ്ട്. എന്നാൽ എംബാപ്പെയുടെ ആഗ്രഹം റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയാണ് എന്നതിനാൽ താരം അവിടെയെത്താൻ തന്നെയാണ് കൂടുതൽ സാധ്യത.

Mbappe Statement To AFP About PSG Contract