ലോകകപ്പിൽ നിന്നും മെസി വിരമിക്കൽ പ്രഖ്യാപിച്ചു, ആ മാന്ത്രിക ചലനങ്ങൾ ഇനിയാ വേദിയിലുണ്ടാകില്ല | Messi

ഖത്തർ ലോകകപ്പിൽ തന്റെ മുപ്പത്തിയഞ്ചാം വയസിൽ അതിഗംഭീര പ്രകടനമാണ് ലയണൽ മെസി നടത്തിയത്. അർജന്റീന ടീമിനെ മുന്നിൽ നിന്നു നയിച്ച മെസി തന്റെ നേതൃപാടവം ഏറ്റവും മനോഹരമായി പുറത്തെടുത്തതിനാൽ തന്നെ താരം ദേശീയ ടീമിനൊപ്പം തുടരണണമെന്നും അടുത്ത ലോകകപ്പിൽ കളിക്കണമെന്നും അർജന്റീന പരിശീലകൻ സ്‌കലോണിയും സഹതാരങ്ങളും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

എന്നാൽ അമേരിക്കയിൽ വെച്ചു നടക്കുന്ന അടുത്ത ലോകകപ്പിൽ ഉണ്ടാകില്ലെന്നാണ് ലയണൽ മെസി പറയുന്നത്. ഖത്തർ ലോകകപ്പിനു ശേഷം സംസാരിക്കുമ്പോൾ അടുത്ത ലോകകപ്പിലും ഉണ്ടായേക്കുമെന്ന നേരിയ പ്രതീക്ഷ ലയണൽ മെസിയുടെ വാക്കുകൾ നൽകിയിരുന്നെങ്കിൽ കഴിഞ്ഞ ദിവസം പുറത്തു വന്ന അഭിമുഖത്തിൽ അതിനുള്ള സാധ്യത അർജന്റീന താരം പൂർണമായും തള്ളിക്കളഞ്ഞു.

“ഞാൻ നേരത്തെ പറഞ്ഞതു പോലെ തന്നെ, അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അതിനെക്കുറിച്ച് ഞാൻ എന്റെ മനസ്സ് മാറ്റിയിട്ടില്ല, ലോകകപ്പ് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഞാനതിൽ പങ്കെടുക്കാൻ പോകുന്നില്ല.” സൗഹൃദമത്സരത്തിനെത്തിയ താരം ചൈന ടിവിയോട് പറഞ്ഞു.

അമേരിക്കയിൽ വെച്ചാണ് അടുത്ത ലോകകപ്പ് നടക്കുന്നതെന്നതിനാൽ അതിനു വേണ്ടി തയ്യാറെടുക്കാൻ കൂടിയാണ് ലയണൽ മെസി എംഎൽഎസ് ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതെന്ന് ആരാധകർ കരുതിയെങ്കിലും ഇതോടെ അതിനും അവസാനമായി. ഇനി അർജന്റീന ജേഴ്‌സിയിൽ ലയണൽ മെസി ഒരു ടൂർണമെന്റിൽ മത്സരിക്കുക അടുത്ത കോപ്പ അമേരിക്കയിൽ മാത്രമായിരിക്കും.

Messi Confirms Retirement From World Cup