“മെസി അർഹിച്ച ബഹുമാനം ഇവിടെ നിന്നും നൽകിയില്ല, നാണക്കേടാണത്”- രൂക്ഷവിമർശനവുമായി എംബാപ്പെ | Mbappe

പിഎസ്‌ജിയിൽ നിന്നുള്ള ലയണൽ മെസിയുടെ വിടവാങ്ങൽ അത്ര മികച്ച രീതിയിൽ ഉള്ളതായിരുന്നില്ല. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനലിൽ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയതിനു ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തിയ മെസി അതുകൊണ്ടു തന്നെ ഫ്രഞ്ച് ആരാധകരിൽ പലർക്കും ശത്രുവായിരുന്നു. അത് പ്രകടമാക്കിക്കൊണ്ട് ലയണൽ മെസിക്കെതിരെ അനാവശ്യമായ പ്രതിഷേധം പലപ്പോഴും അവർ ഉയർത്തുകയും ചെയ്‌തു.

ആരാധകരുടെ പ്രതിഷേധമാണ് ലയണൽ മെസി ക്ലബ് വിടുന്നതിനുള്ള പ്രധാനപ്പെട്ട കാരണമായതെന്നതിൽ തർക്കമില്ല. ലോകകപ്പിന് ശേഷം പിഎസ്‌ജി കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും താരം വളരെ പെട്ടന്ന് പുറകോട്ടു പോവുകയായിരുന്നു. എന്തായാലും ഫ്രാൻസിൽ മെസിക്ക് അർഹിച്ച രീതിയിലുള്ള ബഹുമാനം ലഭിച്ചില്ലെന്നും താരത്തെ കൈകാര്യം ചെയ്‌ത രീതി ശരിയായില്ലെന്നുമാണ് സഹതാരമായിരുന്ന എംബാപ്പെ പറയുന്നത്.

“ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായി കരുതപ്പെടുന്ന താരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മെസിയെപ്പോലൊരാൾ വിട്ടുപോകുന്നത് ഒരിക്കലും നല്ലൊരു വാർത്തയല്ല. താരം പോയതിൽ നിരവധിയാളുകൾക്ക് ആശ്വാസമുണ്ടായത് എന്തുകൊണ്ടാണെന്ന് എനിക്കൊരിക്കലും മനസിലാകുന്നില്ല. ഫ്രാൻസിൽ നിന്നും അർഹിച്ച ബഹുമാനം മെസിക്ക് ലഭിച്ചിട്ടില്ല, അതൊരു വലിയ നാണക്കേടാണ്.” എംബാപ്പെ പറഞ്ഞു.

ലയണൽ മെസിക്ക് പിന്നാലെ എംബാപ്പയും പിഎസ്‌ജി വിടാനുള്ള സാധ്യതകൾ തുറക്കുന്നുണ്ട്. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരം അത് പുതുക്കുന്നില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ ഈ സമ്മറിൽ തന്നെ എംബാപ്പെ പിഎസ്‌ജിയിൽ നിന്നും പുറത്തു പോയേക്കും. താരത്തിന്റെ വാക്കുകളിൽ നിന്നും ലയണൽ മെസിയെ കൈകാര്യം ചെയ്‌ത രീതിയും ക്ലബ് വിടാനുള്ള കാരണമായിട്ടുണ്ടെന്ന് വ്യക്തമാണ്.

Mbappe Says Messi Didn’t Get Respect From France