സഹലിനായി വമ്പൻ ഓഫർ, ബ്ലാസ്റ്റേഴ്‌സ് വിടുകയാണ് നല്ലതെന്ന് ആരാധകർ | Sahal

2017 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള താരമാണ് സഹൽ അബ്‌ദുൾ സമദ്. ബി ടീമിൽ നിന്നും തുടങ്ങി പിന്നീട് സീനിയർ ടീമിലെത്തിയ താരമിപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുഖമായി മാറിയിരിക്കുന്നു. ക്ലബിനൊപ്പവും ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്താൻ ഇരുപത്തിയാറുകാരനായ സഹലിനു കഴിയുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

എന്നാൽ സഹൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകുമോയെന്ന സംശയമാണ് ആരാധകർക്ക് ഇപ്പോഴുള്ളത്. റിപ്പോർട്ടുകൾ പ്രകാരം താരത്തിനായി വമ്പൻ ഓഫറുകളാണ് വരുന്നത്. അതിൽ പ്രധാനപ്പെട്ട ഓഫർ ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ ക്ലബായ മുംബൈ സിറ്റി എഫ്‌സിയുടേതാണ്. വളരെ ദിശാബോധത്തോടെ മുന്നോട്ടു പോകുന്ന മുംബൈ സിറ്റിയുടെ ഓഫർ സഹലിനെ ആകർഷിക്കുന്നതാണ്.

ഇതിനു പുറമെ ചെന്നൈയിൻ സിറ്റി എഫ്‌സിയുടെ ഓഫറും നിലയിൽ സഹലിനെ തേടി വന്നിട്ടുണ്ട്. അനിരുദ്ധ് ഥാപ്പയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മോഹൻ ബഗാന്റെ ലക്ഷ്യവും സഹൽ തന്നെയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. സഹലിനു ആവശ്യക്കാർ ഏറെയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ നിലവിൽ താരത്തെ വിൽക്കാനുള്ള യാതൊരു പദ്ധതിയും ബ്ലാസ്‌റ്റേഴ്‌സിനില്ല.

വമ്പൻ ഓഫറുകൾ വന്നാൽ സഹലിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ലെന്ന് ഉറപ്പിക്കാനും കഴിയില്ല. പിഴശിക്ഷ കൂടി വന്നതോടെ ഏതു താരത്തെയും വിൽക്കാമെന്ന മൂഡിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വമുള്ളത്. അതേസമയം സഹൽ മുംബൈ സിറ്റിയുടെ ഓഫർ സ്വീകരിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. ദിശാബോധമില്ലാത്ത ബ്ലാസ്റ്റേഴ്‌സിനേക്കാൾ സഹലിനു കരിയറിൽ മെച്ചപ്പെടാൻ അതു തന്നെയാണ് നല്ലത്.

Three Clubs Including Mumbai City Want Sahal