മെസിയെ സ്വന്തമാക്കാൻ കഴിയാത്ത നിരാശ മറക്കാം, വമ്പൻ സൈനിങ്ങ് പൂർത്തിയാക്കി ബാഴ്‌സലോണ | Barcelona

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസി ക്ലബ്ബിലേക്ക് വരുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. പിഎസ്‌ജി കരാർ അവസാനിച്ച ലയണൽ മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബാഴ്‌സലോണ സജീവമായി നടത്തിയെങ്കിലും സാങ്കേതികമായ പ്രശ്‌നങ്ങൾ അതിലുള്ളതിനാൽ അർജന്റീന താരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു.

ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണക്ക് കഴിയാതിരുന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണെങ്കിലും അതിനെ മറികടക്കാൻ മികച്ചൊരു സൈനിങ്‌ ബാഴ്‌സലോണ പൂർത്തിയാക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരനീസിന്റെ താരമായ വിറ്റർ റോക്യൂവിനെ ബാഴ്‌സലോണ സ്വന്തമാക്കാനുള്ള ധാരണയിൽ എത്തിയെന്നാണ് എഎസ് റിപ്പോർട്ട് ചെയ്യുന്നത്.

പതിനെട്ടുകാരനായ വിറ്റർ റോക്യൂ ബ്രസീലിയൻ ഫുട്ബോളിൽ നിന്നും ഉയർന്നു വരുന്ന ഭാവിയുടെ താരമായാണ് അറിയപ്പെടുന്നത്. നാൽപതു മില്യൺ യൂറോ നൽകി അഞ്ചു വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കാനുള്ള ധാരണയിലാണ് ബാഴ്‌സലോണ എത്തിയിട്ടുള്ളത്. നിലവിൽ ടീമിന്റെ സ്‌ട്രൈക്കർ മുപ്പത്തിയഞ്ചുകാരനായ ലെവൻഡോസ്‌കിക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ പകരക്കാരനായി റോക്യൂ മാറും.

കരാർ സംബന്ധിച്ച ധാരണയിൽ എത്തിയെങ്കിലും ബ്രസീലിയൻ താരത്തിന്റെ സൈനിങ്‌ ബാഴ്‌സലോണ പ്രഖ്യാപിക്കുന്നതിന് സമയമെടുക്കും. സാമ്പത്തിക പ്രതിസന്ധികൾ കാരണം വേതനബില്ലിൽ കുറവ് വരുത്താൻ ഏതാനും താരങ്ങളെ വിൽക്കേണ്ടത് ബാഴ്‌സലോണക്ക് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ചില താരങ്ങളുടെ ട്രാൻസ്‌ഫർ നടന്നാൽ മാത്രമേ ബാഴ്‌സലോണയ്ക്ക് റോക്യൂ സൈനിങ്‌ പ്രഖ്യാപിക്കാൻ കഴിയൂ.

Barcelona Reached Agreement With Vitor Roque