അടുത്ത മത്സരത്തിൽ അർജന്റീനക്ക് ശ്വാസം മുട്ടും, മെസി കളിക്കുന്ന കാര്യവും സംശയത്തിൽ | Argentina

2026 ലോകകപ്പിന്റെ യോഗ്യതാമത്സരങ്ങളിൽ ആദ്യത്തേത് കഴിഞ്ഞപ്പോൾ ഇക്വഡോറിനെതിരെ അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. അർജന്റീനയെ തടുത്തു നിർത്താൻ ഒരു പരിധി വരെ ഇക്വഡോറിനു കഴിഞ്ഞെങ്കിലും എഴുപത്തിയൊമ്പതാം മിനുട്ടിൽ ലയണൽ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ആദ്യത്തെ മത്സരത്തിലെ വിജയം നൽകിയ ആത്മവിശ്വാസവുമായി രണ്ടാമത്തെ മത്സരത്തിനായി ഒരുങ്ങുകയാണ് അർജന്റീന.

എന്നാൽ രണ്ടാമത്തെ മത്സരം അർജന്റീനയെ സംബന്ധിച്ച് വളരെയധികം കടുപ്പമുള്ളതാകും എന്ന കാര്യത്തിൽ യാതോടു സംശയവുമില്ല. ഇക്വഡോറിനെതിരായ ആദ്യത്തെ മത്സരം സ്വന്തം മൈതാനത്തു വെച്ചായിരുന്നെങ്കിൽ ബൊളീവിയക്കെതിരായ രണ്ടാമത്തെ മത്സരം അവരുടെ മൈതാനമായ ലാ പാസിൽ വെച്ചാണ്. സമുദ്രനിരപ്പിൽ നിന്നും ഏറ്റവുമധികം ഉയരത്തിലുള്ള സ്റ്റേഡിയമായ ലാ പാസിൽ മത്സരിക്കുമ്പോൾ അർജന്റീന താരങ്ങൾക്ക് വേണ്ടത്ര ശ്വാസം ലഭിക്കാതെ മോശം പ്രകടനം നടത്തുന്നത് സ്വാഭാവികമാണ്.

അർജന്റീനയെ സംബന്ധിച്ച് ഒരേയൊരു ആശ്വാസം കഴിഞ്ഞ തവണ രണ്ടു ടീമുകളും തമ്മിൽ ഇതേ മൈതാനത്ത് വെച്ച് ഏറ്റുമുട്ടിയപ്പോൾ വിജയം നേടിയെന്നതാണ്. 2020ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് അർജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചത്. ലൗടാരോ മാർട്ടിനസ് ഒരു ഗോളും ഒരു അസിസ്റ്റും നേടി തിളങ്ങിയ മത്സരത്തിൽ അർജന്റീനയുടെ മറ്റൊരു ഗോൾ നേടിയത് ജൊവാക്വിൻ കൊറേയയാണ്. പക്ഷെ അതിനു മുൻപ് നടന്ന മൂന്നു മത്സരത്തിലും വിജയം നേടാൻ അർജന്റീനക്കായിട്ടില്ല.

മത്സരത്തിൽ ലയണൽ മെസി കളിക്കുമോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നതും അർജന്റീനയെ സംബന്ധിച്ച് തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തിൽ തളർച്ച തോന്നിയതിനെ തുടർന്ന് മത്സരം അവസാനിക്കും മുൻപ് മെസിയെ സ്‌കലോണി പിൻവലിച്ചിരുന്നു. ലാ പാസിൽ മത്സരിക്കുക ബുദ്ധിമുട്ടായതിനാൽ മെസിക്ക് മത്സരത്തിൽ വിശ്രമം നൽകുന്നത് സ്‌കലോണി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ അർജന്റീനക്ക് വലിയൊരു പരീക്ഷ തന്നെയാകും ബൊളീവിയക്കെതിരായ മത്സരം.

Argentina To Face Bolivia In La Paz