മെസിയുടെ ഗോളാഘോഷം പോസ്റ്റ് ചെയ്‌ത് മാഞ്ചസ്റ്റർ യുണൈറ്റഡ്, കട്ടക്കലിപ്പിൽ റൊണാൾഡോ ആരാധകർ | Messi

കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെതിരെ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത് ലയണൽ മെസിയായിരുന്നു. ഇക്വഡോർ അർജന്റീനയെ തടഞ്ഞു നിർത്തുന്നതിൽ ഒരു പരിധി വരെ വിജയം കണ്ടെങ്കിലും എൺപത്തിയൊമ്പതാം മിനുട്ടിൽ ലയണൽ മെസിയുടെ ഫ്രീകിക്ക് തടഞ്ഞു നിർത്താൻ അവർക്കായില്ല. മെസി മനോഹരമായി നേടിയ ഫ്രീകിക്ക് ഗോളിൽ അർജന്റീന 2026 ലോകകപ്പിന്റെ ആദ്യത്തെ യോഗ്യത മത്സരത്തിൽ വിജയം നേടുകയായിരുന്നു.

മത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിയ ലയണൽ മെസി അത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ അലസാന്ദ്രോ ഗർനാച്ചോക്കൊപ്പം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ മത്സരത്തിന് ശേഷം വൈറലായിരുന്നു. മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ദി കിംഗ് എന്നാണു പത്തൊമ്പതുകാരനായ താരം ലയണൽ മെസിയെ വിശേഷിപ്പിച്ചത്. ഈ ചിത്രവും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുക്കുകയുണ്ടായി.

ഗർനാചായുടെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ഗർനാച്ചോ മെസിയെ അഭിനന്ദിച്ചതിനെ കുറിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചിത്രത്തിൽ പറഞ്ഞത്. എന്നാൽ വ്യാപകമായ വിമർശനമാണ് ഇതേതുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കമന്റിൽ ഏറ്റുവാങ്ങുന്നത്. പ്രധാനമായും റൊണാൾഡോ ആരാധകരാണ് വിമർശനവുമായി എത്തുന്നത്. മെസിയെ ഗർനാച്ചോ ബഹുമാനിച്ചപ്പോൾ റൊണാൾഡോയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് ബഹുമാനം കാണിച്ചില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് റൊണാൾഡോ ടീം വിട്ടതെങ്കിലും ക്ലബിന്റെ ഇതിഹാസതാരമായിരുന്നു പോർച്ചുഗൽ താരം. റൊണാൾഡോയുടെ എക്കാലത്തെയും വലിയ എതിരാളിയായി കണക്കാക്കപ്പെടുന്ന താരമാണ് മെസി. അങ്ങിനെയിരിക്കെ ക്ലബ് മെസിയെ പ്രകീർത്തിച്ചു കൊണ്ടു പോസ്റ്റ് ഇട്ടത് മോശമായെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. എപ്പോഴെങ്കിലും ബാഴ്‌സലോണ റൊണാൾഡോയെ പ്രശംസിച്ച് പോസ്റ്റ് ചെയ്യുമോയെന്നും ആരാധകർ ചോദിക്കുന്നു.

Ronaldo Fans Slam Man Utd Over Messi Post